തിരുവനന്തപുരം
ദുരന്ത നിവാരണ തയ്യാറെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ യോജിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഭൂമിശാസ്‌ത്രപരമായ നേട്ടവും പരിമിതിയും കണക്കിലെടുത്താകണം കേന്ദ്രീകൃത ജിയോ മാപ്പിങ് പദ്ധതിയായ ദേശീയ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ. പിഎം ഗതിശക്തി (പിഎംജിഎസ്) പദ്ധതിയുടെ ദക്ഷിണമേഖലാ ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പിഎം ഗതിശക്തിയിലൂടെ വികേന്ദ്രീകൃത ആസൂത്രണം സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കസാധ്യതാ പ്രദേശങ്ങൾ, മണ്ണിന്റെ അവസ്ഥ തുടങ്ങിയവ മാപ്പ് ചെയ്യുന്ന പിഎം ഗതിശക്തി ദുരന്തനിവാരണത്തിന് പ്രയോജനപ്പെടുമെന്ന് ഡിപിഐഐടി സെക്രട്ടറി രാജേഷ് കുമാർ സിങ് പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ഈ വിവരങ്ങൾ ഉദ്യോഗസ്ഥരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ച് ശിൽപ്പശാലയിൽ ഉദ്യോഗസ്ഥർക്ക് ബോധവൽക്കരണവും പരിശീലനവും നൽകി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡിപിഐഐടി (ലോജിസ്റ്റിക്‌സ്) ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാർ അഹിർവാർ, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ തുടങ്ങിയവർ സംസാരിച്ചു. കേരളം, കർണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള -ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..