തിരുവനന്തപുരം
സംസ്ഥാനത്ത് ലോജിസ്റ്റിക് പാർക്കുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. ചോദ്യോത്തര വേളയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. കസ്റ്റംസ് ക്ലിയറൻസ്, കണ്ടെയ്‌നർ ഗതാഗതം, വെയർഹൗസിങ്, സ്റ്റോറേജ് പാക്കിങ്, ലേബലിങ് മുതലായ ഒട്ടനവധി സേവനങ്ങൾ ലോജിസ്റ്റിക് പാർക്കുകളിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ റോഡ് ശൃംഖലയും റെയിൽ, ജലഗതാഗത സൗകര്യങ്ങളും വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുടെ സാന്നിധ്യവും ലോജിസ്റ്റിക് മേഖലയ്‌ക്ക് അനുകൂല ഘടകമാണ്. ലോജിസ്റ്റിക് മേഖലയുടെ വികസനത്തിനും ഈ മേഖലയിലെ നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും വർധിപ്പിക്കാനുമാണ് സർക്കാർ ലോജിസ്റ്റിക്‌സ് പാർക്ക് പോളിസി തയ്യാറാക്കിയത്. ഇതുപ്രകാരം പത്തേക്കർ ഭൂമിയിൽ ലോജിസ്റ്റിക്‌സ് പാർക്കുകളും അഞ്ചുമുതൽ പത്തേക്കർ ഭൂമിയിൽ മിനി ലോജിസ്റ്റിക് പാർക്കുകളും നിർമിക്കാൻ സർക്കാർ പ്രോത്സാഹനം നൽകും. സ്വകാര്യ മേഖലയിലോ അല്ലെങ്കിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയൊ സ്ഥാപിക്കാനാണ് ലക്ഷ്യം.
ലോജിസ്റ്റിക്‌സ് പാർക്കിനായുള്ള ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുകളും ഒഴിവാക്കുന്നതും പരിഗണിക്കും. ഫെബ്രുവരി 21, 22 തിയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് കൊച്ചിയിൽ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി റൗണ്ട് ടേബിളുകളും സംസ്ഥാനത്തിന് പുറത്തുള്ള റോഡ് ഷോകളും നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..