21 November Thursday

വ്യവസായ വളര്‍ച്ചയ്‌ക്ക് സഹായമായത് സംരംഭകര്‍ക്ക്
സര്‍ക്കാര്‍ നയങ്ങളിലുള്ള വിശ്വാസം: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

തിരുവനന്തപുരം
കേരളത്തിലെ വ്യവസായ വളർച്ചയ്‌ക്ക് സഹായമായത് സംരംഭകർക്ക് സർക്കാർ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ രാജ്യത്ത് മികച്ച സ്ഥാനമാണ് കേരളത്തിന്‌. സംരംഭകരുടെ അഭിപ്രായത്തിൽനിന്നാണ് ഇതു ലഭിച്ചത്‌. കേരളത്തിൽ കമ്പനികളും വ്യവസായ സംരംഭങ്ങളും ആരംഭിക്കാൻ തയ്യാറായി നിരവധിപേർ മുന്നോട്ടുവരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തി സംരംഭങ്ങൾ തുടങ്ങിയ ഉദാഹരണങ്ങൾ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനു മുന്നോടിയായി സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) സംഘടിപ്പിച്ച മാലിന്യ നിർമാർജനം, പുനരുപയോഗം, ഹരിത സംരംഭകത്വം എന്നിവ സംബന്ധിച്ച സെക്ടറൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യ നിർമാർജനത്തിലെ പരമ്പരാഗത രീതികൾ മാറണം. നല്ല രീതിയിലുള്ള ശാസ്ത്രീയ സാങ്കേതിക വിദ്യകൾ ഇപ്പോൾ ലഭ്യമാണ്. അത്‌  പൂർണമായി പ്രയോജനപ്പെടുത്തണം. ഈ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികൾ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ നിർമാർജന, പുനരുപയോഗ മേഖലയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന പ്രധാന കമ്പനികളും സംസ്ഥാനത്ത് നിക്ഷേപിക്കാൻ സാധ്യതയുള്ള കമ്പനികളും യോഗത്തിൽ പങ്കെടുത്തു. കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്‌ണൻ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top