കൊച്ചി
പ്ലാന്റേഷൻ മേഖലയുടെ വൈവിധ്യവൽക്കരണത്തിന് പുതിയ നയം അവതരിപ്പിക്കുന്നതോടെ ഈ മേഖലയിൽ വലിയതോതിലുള്ള നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് മുന്നോടിയായി കെഎസ്ഐഡിസി സംഘടിപ്പിച്ച പ്ലാന്റേഷൻ, ഹൈടെക് ഫാമിങ്, മൂല്യവർധിത റബർ ഉൽപ്പന്നങ്ങൾ എന്നീ വ്യവസായങ്ങളുടെ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്ലാന്റേഷൻ മേഖലയുടെ വൈവിധ്യവൽക്കരണത്തെക്കുറിച്ച് ഐഐഎം കോഴിക്കോട് നടത്തിയ പഠനം സർക്കാരിന് ലഭിച്ചിട്ടുണ്ട്. മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ചചെയ്ത് പുതിയ നയം അവതരിപ്പിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഈ സാധ്യത ഉപയോഗപ്പെടുത്തിയാൽ വലിയതോതിലുള്ള നിക്ഷേപമാണ് തോട്ടം മേഖലയിൽ ഉണ്ടാകാൻപോകുന്നത്. വ്യവസായങ്ങളുടെ പ്രവർത്തനത്തിന് സഹായകരമാകുന്ന നിയമഭേദഗതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ വ്യവസായികൾതന്നെ ശ്രമിക്കണമെന്നും കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് വ്യവസായസൗഹൃദത്തിൽ കേരളം ഒന്നാമതെത്തിയതെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരി കൃഷ്ണൻ എന്നിവരും സംസാരിച്ചു.
റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം വസന്തഗേശൻ, പ്ലാന്റേഷൻ കോർപറേഷൻ എംഡി ഡോ. ജയിംസ് ജേക്കബ്, റബ്ഫില എംഡി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഹൈടെക് ഫാമിങ്ങും മൂല്യവർധിത റബർ ഉൽപ്പന്നങ്ങളും എന്ന വിഷയത്തിൽ പാനൽ ചർച്ച നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..