18 November Monday
തീരുമാനം പിന്തുടർച്ചാവകാശംപോലെ , യാഥാർഥ്യം മനസ്സിലാക്കാതെയുള്ള 
സ്ഥാനാർഥി നിർണയം ,യുഡിഎഫിന്റെ വിജയസാധ്യതയ്‌ക്ക്‌ മങ്ങലേറ്റു

ഇത് ചിലരുടെ തോന്ന്യാസം ; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ അംഗീകരിക്കില്ല : ഡോ. പി സരിൻ

പ്രത്യേക ലേഖകൻUpdated: Wednesday Oct 16, 2024


പാലക്കാട്‌
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത്‌ കോൺഗ്രസ്‌ പുനഃപരിശോധിക്കണമെന്ന്‌ കെപിസിസി മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ ആവശ്യപ്പെട്ടു. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നിൽ ചിലരുടെ വ്യക്തിതാൽപ്പര്യമാണ്‌. പാർടിയിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ല. കോൺഗ്രസിൽ ഉൾപാർടി ജനാധിപത്യം ഇല്ലാതായിരിക്കുന്നു. അത്‌ വളരെ വൈകിയാണ്‌ മനസിലായത്‌. ചിലരുടെ ‘തോന്ന്യാസം’ അടിച്ചേൽപ്പിച്ചതോടെ യുഡിഎഫിന്റെ വിജയസാധ്യതയ്‌ക്ക്‌ മങ്ങലേറ്റതായും 2021ൽ ഒറ്റപ്പാലത്ത്‌  സ്ഥാനാർഥിയായിരുന്ന സരിൻ വാർത്താസമ്മേളനത്തിൽ  പറഞ്ഞു. 

പാലക്കാട്‌ മണ്ഡലത്തിന്റെ യാഥാർഥ്യം മനസ്സിലാക്കാതെയുള്ള സ്ഥാനാർഥി നിർണയം പ്രതികൂലമായി ബാധിക്കും. കണ്ണടച്ച്‌ ഇരുട്ടാക്കിയാൽ കോൺഗ്രസ്‌  വിലകൊടുക്കേണ്ടിവരും. വെള്ളക്കടലാസിൽ അച്ചടിച്ചതുകൊണ്ടുമാത്രം സ്ഥാനാർഥിത്വം പൂർണമാകില്ല. ഞാൻ പറയുന്നയാൾ, എന്റെയാൾ, നേരത്തേകൂട്ടി തീരുമാനിച്ചയാൾ സ്ഥാനാർഥിയാകണമെന്ന നിർബന്ധം വകവച്ചുകൊടുത്താൽ പരാജയമാകും ഫലം.  പിന്തുടർച്ചാവകാശംപോലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നത്‌ അംഗീകരിക്കാനാകില്ല.

ചിലരുടെ താൽപ്പര്യമനുസരിച്ച്‌ പാർടിയെടുക്കുന്ന തീരുമാനങ്ങളിൽ ജയിച്ചുകയറിയാൽ പാർടി വരുതിയിലായെന്ന്‌ ധരിച്ചവരുണ്ട്‌.  തീരുമാനം തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കും. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയും റീലുമിട്ടാൽ ഹിറ്റായി എന്നാണ്‌ ചിലരുടെ വിചാരം. ത്യാഗം സഹിക്കാനറിയണം. ജയിൽവാസം മാത്രമല്ല ത്യാഗം. പാർടിക്ക്‌ തെറ്റുപറ്റിയാൽ തിരുത്തണം. എല്ലാവരും കൈയടിക്കുന്ന തീരുമാനങ്ങളെടുക്കാൻ പാർടിക്ക്‌ പറ്റുന്നില്ല.

പാലക്കാട്ട്‌ ബിജെപി സാധ്യത അവസാനിപ്പിക്കാൻ അനുയോജ്യരായ സ്ഥാനാർഥിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയ്‌ക്കും രാഹുൽ ഗാന്ധിക്കും മെയിലയച്ചു. അവർ നോക്കിയോ എന്നറിയില്ല. തിരുത്താൻ ഇനിയും സമയമുണ്ട്‌. 48 മണിക്കൂർ കാത്തിരിക്കും. സ്ഥാനാർഥിത്വം അടിച്ചേൽപ്പിക്കുന്നതിൽ സാധാരണ കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരമാണ്‌ പ്രകടിപ്പിക്കുന്നത്‌. ആട്ടിപ്പുറത്താക്കിയാൽ പാർടിയിൽനിന്ന്‌ പുറത്തുപോകും–- സരിൻ പറഞ്ഞു.

സ്ഥാനാർഥിത്വത്തിൽ എ ഗ്രൂപ്പിനും 
അതൃപ്‌തി
പാലക്കാട്‌ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ എ ഗ്രൂപ്പിൽ അതൃപ്‌തി. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ രാഹുൽ  പുഷ്‌പാർച്ചനയ്‌ക്ക്‌  വരുന്നത്‌ തടഞ്ഞ്‌ ചാണ്ടി ഉമ്മൻ എംഎൽഎ അത്‌ പ്രകടപ്പിക്കുകയും ചെയ്‌തു. ബുധനാഴ്‌ച രാവിലെ പുതുപ്പള്ളി ഓർത്തഡോക്‌സ്‌ വലിയപള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തുമെന്ന്‌ രാഹുൽ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു.  ഒപ്പം വരണമെന്ന്‌ ഉമ്മൻ ചാണ്ടിയുടെ മകൻകൂടിയായ ചാണ്ടി ഉമ്മനോട്‌ ആവശ്യപ്പെട്ടുവെങ്കിലും  അദ്ദേഹം അത്‌ തള്ളി.എന്നാൽ ദേശീയ നേതൃത്വം അടക്കം ഇടപെട്ടതോടെ ചാണ്ടി ഉമ്മൻ രാത്രിയോടെ നിലപാട്‌ മയപ്പെടുത്തിയതായി അറിയുന്നു.

സിപിഐ എം കെട്ടുറപ്പുള്ള പാർടി
സംഘടനാപരമായി കെട്ടുറപ്പുള്ള പാർടിയാണ്‌ സിപിഐ എം. ആ പാർടിയെക്കുറിച്ച്‌ ഒരു പഴഞ്ചൊല്ലുണ്ട്‌ ‘സിപിഐ എം ആരെ നിർത്തിയാലും പാർടിക്കാർ വോട്ടുചെയ്യും.’  ആ പാർടിയുടെ വിശ്വാസ്യതയും കെട്ടുറപ്പും പ്രതിഫലിക്കുന്ന പ്രയോഗമാണത്‌. അവരുടെ സ്ഥാനാർഥി നിർണയത്തിൽ ഇത്തരം എതിർപ്പ്‌ കുറവാണ്‌. എല്ലാവരെക്കൊണ്ടും കൈയടിപ്പിക്കാൻ പറ്റുന്ന സംവിധാനത്തിലേക്ക്‌ മറ്റു പല പാർടികളും മാറി–-  സരിൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top