22 December Sunday

ഒരു 'പോക്കിരിരാജ'യും ചെങ്കൊടിക്ക് മേലെയല്ല: പി ശ്രീരാമകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

മലപ്പുറം> സര്‍ക്കാരിനും പാര്‍ടിക്കുമെതിരെ 'പോക്കിരിരാജ' ശൈലിയെടുക്കരുതെന്ന ബോധ്യം പി വി അന്‍വറിന് ഉണ്ടാകണമെന്ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അന്‍വര്‍ അതിരുകടന്നിരിക്കുകയാണ്. ഒരു 'പോക്കിരിരാജ'യ്ക്കും ചെങ്കൊടിക്കുമേലെ പറക്കാനാകില്ല.

 തന്റെ ആശങ്കകള്‍ക്കും പരാതികള്‍ക്കും പിന്നില്‍ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ അണിനിരക്കണമെന്ന വാശി പ്രമാണിത്തമാണ്. പാര്‍ടി ചട്ടക്കൂടിനകത്ത് നില്‍ക്കുന്നത് ദൗര്‍ബല്യമല്ല, സുരക്ഷിതത്വമാണ്. കസ്റ്റംസുകാര്‍ക്ക് പകരം പൊലീസ് എന്തിന് സ്വര്‍ണം പിടിക്കുന്നുവെന്ന ചോദ്യം കൊള്ളമുതലുമായി ഓടുന്ന കള്ളനെ പിടിക്കേണ്ടത് ഞാനോ നീയോ എന്ന് തര്‍ക്കിക്കുന്നത് പോലെ വിഢിത്തം നിറഞ്ഞതാണ്.

ഒരു പോലീസുദ്യോഗസ്ഥനെ മാറ്റിയാല്‍ തന്റെ യുദ്ധം ജയിച്ചുവെന്ന മട്ടിലുള്ള കാടിളക്കല്‍ അപക്വവും വെല്ലുവിളിയുമാണ്. വാദം സമര്‍ഥിക്കാന്‍ ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയപോലെ പെരുമാറുന്നത് അസംബന്ധമാണ്.
കഴിഞ്ഞ ആറുപതിറ്റാണ്ടായി മുസ്ലിം സമൂഹവുമായി അടുത്തിടപഴകുന്ന ഇ എന്‍ മോഹന്‍ദാസിനെ ആര്‍എസ്എസുകാരനെന്ന് ആക്ഷേപിച്ചത് ഏത് യുക്തിയിലാണ്? വ്യക്തിവൈരാഗ്യത്താല്‍ ആളിക്കത്തിക്കുന്ന മൂശയില്‍നിന്ന് ഒന്നും വാര്‍ത്തെടുക്കാനാവില്ലെന്ന് കേരളം പലതവണ കണ്ടതാണ്.

അന്‍വറിന്റെ വേഷങ്ങള്‍ ചരിത്രത്തിലെ പ്രളയങ്ങള്‍ക്ക് സമാനമായി ഒഴുകിയൊലിച്ച് തീരും. തോട്ടം തൊഴിലാളികളുടെ അഭിമാനത്തിനായുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച കുഞ്ഞാലിയുടെ ചരിത്രം പുകയുന്ന നാട് താന്‍പ്രമാണിത്തങ്ങളെ ചവിട്ടിമെതിച്ച് മുന്നോട്ടുപോവുമെന്നും പി ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top