തിരുവനന്തപുരം > എഡിജിപി എം ആർ അജിത്കുമാറിനെതിരെ താനുന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് പി വി അൻവർ എംഎൽഎ. വിശദമായ പരാതി എഴുതി നൽകി. വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പൂർണ വിശ്വാസം ഉണ്ട്. ഉന്നയിച്ച ആരോപണങ്ങളും വിശദീകരണവും പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും ബോധിപ്പിക്കുമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ കോപ്പി അദ്ദേഹത്തിന് കൈമാറുമെന്നും പി വി അൻവർ പറഞ്ഞു.
കേരള പൊലീസിലെ ഒരു വിഭാഗത്തിന്റെ പെരുമാറ്റം ഗവൺമെന്റിനും പാർടിക്കും പ്രതിസന്ധികൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. ജനങ്ങൾക്കും നിരവധി ബുദ്ധിമുട്ട് നേരിട്ടുണ്ട്. ഇത്തരം കാര്യങ്ങളാണ് തുറന്നുപറഞ്ഞത്. പൊലീസിലുള്ള അഴിമതിയും പുഴുക്കുത്തുകളും ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഒരു സഖാവെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ വിഷയത്തിൽ ഇടപെട്ടത്. ഇനി ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തോട് സഹകരിക്കുക എന്നതു മാത്രമാണ് ഇനി തന്റെ ഉത്തരവാദിത്തമെന്നും സംസ്ഥാനം ഭരിക്കുന്നത് കമ്യൂണിസ്റ്റ് ഗവൺമെന്റിന് ജനങ്ങളുടെ വികാരം അറിയാമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..