18 September Wednesday
മുഖ്യമന്ത്രിക്ക് പരാതി സമർപ്പിക്കും

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

മലപ്പുറം> എഡിജിപി എം ആർ അജിത് കുമാറിന് എതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ എംഎൽഎ. അജിത് കുമാർ കൊലപാതകി ആണെന്നും സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും വരെ പി വി അൻവർ മാധ്യമങ്ങൾ മുൻപാകെ ആരോപിച്ചു.

"അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണ്. ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) പ്രവർത്തിക്കുന്നത് സ്വർണ്ണക്കടത്ത് ലോബിയുമായി ചേർന്നാണ്. പത്തനംതിട്ട എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധമാണ് കോഴിക്കോട്ട് വിമാനത്താവളത്തില്‍ സ്വർണം കടത്താന്‍ ഉപയോഗിക്കുന്നത്. അജിത് കുമാർ, സുജിത് ദാസ്, ഡാൻസാഫ് കസ്റ്റംസ് ഇവരെല്ലാം ചേർന്ന ​ഗ്രൂപ്പുണ്ട് എന്നൊക്കെയായിരുന്നു ആരോപണങ്ങൾ.

സുജിത് ദാസ് മുൻപ് കസ്റ്റംസില്‍ ഉദ്യോഗസ്ഥനായിരുന്നു. ദുബായില്‍ നിന്ന് വരുന്ന സ്വർണം വരുമ്പോ സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വർണം കണ്ടെത്തിയാലും കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടർന്ന്  പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വർണം ഇവർ കൈക്കലാക്കും. ഇതാണ് രീതി.

സ്വർണകടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ കൊലപാതകം ചെയ്യിച്ചു. കോഴിക്കോട് മാമി എന്നൊരാളെ ഒരു വർഷം മുൻപ് കാണാതായിട്ടുണ്ട്. കൊന്നുകളഞ്ഞു എന്നാണ് കരുതുന്നത്. എടവണ്ണ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബിജുവിന്റെ ഫോൺ ചോർത്തിയിരുന്നു. ഇതിന് പിന്നിലും താത്പര്യങ്ങളുണ്ടായിരുന്നു. അജിത് കുമാറിന്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിം ആണ്. ഇയാൾ കൊന്നിട്ടുണ്ട്, കൊല്ലിച്ചിട്ടുണ്ട്, ആത്മഹത്യ ചെയ്യിച്ചിട്ടുണ്ട് എന്നിങ്ങനെയും പി വി അൻവർ ആരോപണം തുടർന്നു.

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാര്‍ടിയെയും ഗവണ്‍മെന്റിനേയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് എം ആര്‍ അജിത്കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിലെ ഒരു വിഭാഗം. എംഎല്‍എ നിയമസഭയിലുന്നയിച്ച വിഷയത്തില്‍ പൊലീസിന്റെ നിലപാടെന്താണെന്ന് ചോദിക്കുമ്പോള്‍ ഒരു അടിസ്ഥാനവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ പൊലീസാണോ നീതി നടപ്പിലാക്കുന്നത്. എം ആര്‍ അജിത് കുമാറാണോ ഗവണ്‍മെന്റിനെ സഹായിക്കുന്നത്. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നില്ല. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി മുൻപാകെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.'

താൻ ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ച് വരുന്നേയുള്ളൂ, നടപടികൾ ഉണ്ടാവുമെന്നും അൻവർ അവകാശപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയിക്കും. നടപടി ആവശ്യപ്പെട്ട് അപേക്ഷ എഴുതി തയാറാക്കി നൽകും. പൊലീസിലും പവർ ലോബിയുണ്ട്. പൊലീസിലെ ഈ ലോബിയെ തകർക്കേണ്ടതുണ്ട്. എം ആർ അജിത്കുമാറും സുജിത് ദജാസും ജയിലിൽ പോകും. എട്ട് മാസമായി താൻ ഇക്കാര്യങ്ങൾ അന്വേഷിക്കയായിരുന്നു. ജീവൻ അപകടിത്തിലാകുമെന്ന ഭീഷണിയുണ്ടെങ്കിലും ഈ അന്വേഷണത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും പറയുന്നതിനെല്ലാം തെളിവുണ്ടെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top