22 December Sunday

പരാതി അവഗണിച്ചിട്ടില്ല ; അൻവറിന്റെ വാദം അവാസ്തവം

പ്രത്യേക ലേഖകൻUpdated: Friday Sep 27, 2024


തിരുവനന്തപുരം
തന്റെ പരാതികളെയും ഉന്നയിച്ച വിഷയങ്ങളെയും അവഗണിച്ചുവെന്ന പി വി അൻവറിന്റെ വാദം അവാസ്തവം. ആർഎസ്എസ്‌ നേതാക്കളുമായി എഡിജിപി എം ആർ അജിത്കുമാർ കൂടിക്കാഴ്‌ച നടത്തിയെന്നതടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം നടത്തുന്നത്‌ പൊലീസ്‌ തലവനാണ്‌. ചില കാര്യങ്ങളിൽ വിജിലൻസ് പരിശോധന വേണ്ടതുകൊണ്ട് പ്രത്യേക വിജിലൻസ് സംഘത്തെയും നിയോഗിച്ചു. മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചവയാണിവ. വ്യത്യസ്‌തതലങ്ങളിൽ അന്വേഷണം നടക്കേണ്ടവയായതിനാൽ ഒരുമാസത്തെ സമയം അനുവദിച്ചു. ആ സമയം പോലും കൊടുക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപനമാണ് ആവർത്തിച്ചുള്ള അൻവറിന്റെ വാർത്താസമ്മേളനങ്ങൾ. റിപ്പോർട്ട് വരുന്നതോ അന്വേഷണം പൂർത്തിയാക്കുന്നതോ ബാധകമല്ലെന്ന മട്ടിൽ ഏതാനും മാധ്യമങ്ങൾ ഇത്‌ സർക്കാരിനും പാർടിക്കുമെതിരെ ഉപയോഗിക്കുന്നു.

അന്വേഷണ റിപ്പോർട്ട് ലഭ്യമായാൽ അതിന്മേൽ ആവശ്യമായ പരിശോധനപോലും നടത്താൻ സാവകാശം നൽകാതെ ‘പൂരം അന്വേഷണ റിപ്പോർട്ട്‌ തള്ളി’ എന്ന വിധത്തിലുള്ള പ്രചാരണവും നടന്നു. റിപ്പോർട്ട് വന്ന്‌ രണ്ടുദിവസം ആകുമ്പോഴേക്കും സർക്കാർ അറിയാതെ എങ്ങനെയാണ് തള്ളിക്കളയുന്നത്‌. എഡിജിപിക്കെതിരെ ഒരന്വേഷണ റിപ്പോർട്ടും സർക്കാരിന്‌ ലഭിക്കാത്ത സാഹചര്യത്തിൽ അജിത്‌കുമാറിനെ മാറ്റിനിർത്തുന്നില്ലെന്ന ആരോപണത്തിൽ തെല്ലും കഴമ്പില്ല. ആരോപണങ്ങൾ വന്നാലുടൻ കണ്ണുമടച്ച് നടപടിയെടുക്കാൻ സർക്കാർ സംവിധാനത്തിനാകില്ല. ആവശ്യമായ പരിശോധനകൾ നടത്തി പ്രഥമദൃഷ്ട്യാകുറ്റം കണ്ടെത്തിയാൽ മാത്രമാണ് നടപടി.

ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയത്‌ സർക്കാരിന് വേണ്ടിയോ സർക്കാർ അറിഞ്ഞോ അല്ലെന്ന്‌ മുഖ്യമന്ത്രി വിശദീകരിച്ചതാണ്‌. അതേസമയം എന്തിനാണ് പോയത്, അതിൽ തെറ്റായി എന്തെങ്കിലും ഉണ്ടോ എന്ന കാര്യം അന്വേഷിച്ച് തെളിയിക്കേണ്ടതുമാണ്‌. അതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട്‌ വരുന്നതുവരെ എങ്കിലും കാത്തുനിൽക്കാൻ ക്ഷമയില്ലയെന്നതും എടുത്തുപറയേണ്ടതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top