19 December Thursday

അന്ന്‌ കൊള്ളക്കാരൻ ഇന്ന്‌ പ്രിയങ്കരൻ

പ്രത്യേക ലേഖകൻUpdated: Friday Sep 27, 2024


തിരുവനന്തപുരം
കൊള്ളക്കാരനും പതിവ്‌ നിയമലംഘകനും കൊലപാതക കേസിലെ പ്രതിയുമായി ചിത്രീകരിച്ച്‌ വർഷങ്ങളായി ആക്രമിച്ചുകൊണ്ടിരുന്ന കോൺഗ്രസിനും ബഹുഭൂരിപക്ഷം മാധ്യമങ്ങൾക്കും പി വി അൻവർ ഇന്ന്‌  പ്രിയങ്കനായ നേതാവ്‌ !

സിപിഐ എമ്മിനും എൽഡിഎഫ്‌ സർക്കാരിനും എതിരെ തിരിഞ്ഞതോടെയാണ്‌ മാധ്യമങ്ങളും പ്രതിപക്ഷവും വേഗത്തിൽ ‘ പ്ലേറ്റ്‌ ’ മാറ്റിയത്‌. കേരളത്തിലെ കൂടുതൽ ജനങ്ങളുടെ വിശ്വാസമാർജിച്ചും ജനകീയ ഇടപെടൽ നടത്തിയും മുന്നേറുന്ന സർക്കാരിനെ അൻവറിനെ ഉപയോഗിച്ച്‌ അപഹസിക്കൽ മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇതോടെ വ്യക്തമായി.

കോൺഗ്രസ്‌ അൻവറിനെതിരെ സമരം നടത്തിയതും പാർക്കുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങൾ തുടർപരമ്പരകൾ നൽകിയതും കേരളം മറന്നിട്ടില്ല. 50 കോടി ആസ്തിയുള്ള ഏക എംഎൽഎ, അമ്യൂസ്‌മെന്റ്‌ പാർക്ക്‌, ക്രഷർ യൂണിറ്റുകൾ, സ്വർണ്ണ ഖനി തുടങ്ങി വൻകിട സ്വത്തിനുടമയാണെന്നും പലതും അനധികൃതമായി നേടിയതാണെന്നുമായിരുന്നു പരമ്പരകളിലെ ആക്ഷേപം. കൊലപാതക കേസിലടക്കം പ്രതിയാണെന്നും സ്ഥാനങ്ങൾ നേടുന്നത്‌ പണം വാരിയെറിഞ്ഞുമാണെന്നും അവർ വാർത്തകൊടുത്തു.

അൻവറിന്റെ പാർക്കിനെതിരെ കോഴിക്കോട്‌ ഡിസിസി സമരം പ്രഖ്യാപിച്ചത്‌ യുഡിഎഫ്‌ ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത്‌ അനധികൃത സഹായം ചെയ്യുന്നുവെന്ന്‌ ആരോപിച്ചായിരുന്നു.  ആരോഗ്യ, വൈദ്യുതി, മലിനീകരണ ബോർഡ്‌ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നതും കൂടാതെ അൻവർ എല്ലാവരേയും വെല്ലുവിളിക്കുന്നു തുടങ്ങി നിരവധി ആക്ഷേപങ്ങളാണ്‌ അന്ന്‌ ഉന്നയിച്ചത്‌.

ഇത്തരം പ്രശ്നങ്ങളുടെയെല്ലാം പിന്നാലെ മാധ്യമങ്ങൾ നിരന്തരം സഞ്ചരിക്കുകയും യുഡിഎഫ്‌ പിന്തുണയോടെ പാർക്ക്‌ പൂട്ടിക്കാൻ വലിയ പ്രചാരണം നടത്തുകയും ചെയ്തു. അവർക്കെല്ലാം പ്രിയങ്കരനായി അൻവർ മാറുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ഒന്നര മാസമായി കേരളം കണ്ടത്‌. സിപിഐ എമ്മിനെതിരെ ആര്‌ എത്ര വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചാലും, അപഹസിച്ചാലും അതെല്ലാം ‘ മഹാസത്യങ്ങൾ ’ ആയി അവതരിപ്പിക്കുക എന്ന വിടുവേല മാത്രം ചെയ്യുന്നവരായി കേരളത്തിലെ മാധ്യമങ്ങൾ മാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top