22 December Sunday
വാർത്താസമ്മേളനത്തിലും നിയമലംഘനം ; രാഷ്ട്രീയ നേട്ടത്തിന്‌ കുഞ്ഞും ആയുധം

വർഗീയ കാർഡിറക്കി അൻവർ ; പാർടിക്കുമേൽ ഇസ്ലാംവിരുദ്ധത ചാപ്പകുത്താന്‍ ശ്രമം

സ്വന്തം ലേഖകൻUpdated: Sunday Sep 29, 2024


മലപ്പുറം
ജനപിന്തുണയും വിശ്വാസ്യതയും നഷ്ടമായതോടെ പിടിച്ചുനിൽക്കാൻ വർഗീയ കാർഡിറക്കി പി വി അൻവർ എംഎൽഎ. സിപിഐ എം ജില്ലാ സെക്രട്ടറി ആർഎസ്‌എസ്സുകാരനെന്ന്‌ ആക്ഷേപിച്ചതിലൂടെ വർഗീയ അജന്‍ഡ മറനീക്കി. ഇടതുപക്ഷത്തോട്‌ അനുഭാവമുള്ള മതന്യൂനപക്ഷങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ വ്യക്തം. 

ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയവണ്ണിന്‌ നൽകിയ അഭിമുഖത്തിലാണ്‌ അൻവർ വർഗീയത ചീറ്റിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി മുസ്ലിംവിരുദ്ധനാണെന്നും താൻ നിസ്‌കരിക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്ടമല്ലെന്നും തട്ടിവിട്ടു. പാർടിക്കുമേൽ ഇസ്ലാംവിരുദ്ധത ചാപ്പകുത്താനാണ്‌ ശ്രമം. ലക്ഷക്കണക്കിന്‌ മതവിശ്വാസികൾ അംഗങ്ങളായുള്ള സിപിഐ എം ആരുടെയും വിശ്വാസത്തിൽ ഇടപെടാറില്ല. മലപ്പുറത്ത്‌ അൻവറിന്‌ മുമ്പേ കോൺഗ്രസിൽനിന്നും സിപിഐ എമ്മിലെത്തിയ ടി കെ ഹംസ ഇസ്ലാം മതവിശ്വാസിയായിതന്നെയാണ്‌ ദീർഘകാലം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നത്‌. അദ്ദേഹത്തോടില്ലാതിരുന്ന എതിർപ്പ്‌ പാർടി അംഗംപോലുമല്ലാത്ത അൻവറിനോടുണ്ടായെന്നാണ്‌  പറയുന്നത്‌. 

നിലമ്പൂരിലെ ക്രിസ്‌ത്യൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ എംഎൽഎ ഫണ്ട്‌ നൽകുന്നത്‌ തടയാൻ ജില്ലാ സെക്രട്ടറി ശ്രമിച്ചെന്നാണ്‌ മറ്റൊന്ന്‌. ക്രിസ്‌ത്യൻ ന്യൂനപക്ഷ മേഖലയായ നിലമ്പൂരിൽ അവരുടെ പിന്തുണ ഉറപ്പാക്കുകയാണ്‌ ലക്ഷ്യം. തുടക്കംമുതൽ എല്ലാ വിഷയങ്ങളെയും വർഗീയ ചായ്‌വോടെ അവതരിപ്പിക്കാനാണ്‌ അൻവർ ശ്രമിച്ചത്‌. പാവങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുംവേണ്ടിയാണ്‌ സംസാരിക്കുന്നതെന്നാണ്‌ ആദ്യം പറഞ്ഞത്‌. മറുനാടൻ മലയാളി ചാനൽ ഉടമക്കെതിരായ നടപടിയെ വർഗീയമായി ചിത്രീകരിച്ചു. ഷാജൻ സ്‌കറിയയെ സൈബർ തീവ്രവാദ വകുപ്പ്‌ ചുമത്തി ജയിലിലടച്ചില്ല എന്നായിരുന്നു ആരോപണം. എതിരാളികളെ തീവ്രവാദവിരുദ്ധ നിയമങ്ങൾ ചുമത്തി ജയിലിലടയ്ക്കുക ഇടതുപക്ഷ നിലപാടല്ലെന്ന്‌ അറിയാഞ്ഞിട്ടല്ല അൻവർ ഇത്‌ ആവർത്തിക്കുന്നത്‌, വർഗീയ ചേരിതിരിവുമാത്രമാണ്‌ ലക്ഷ്യം. ആളുകൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിനുപിന്നിലും ഈ അജന്‍ഡയുണ്ടെന്ന്‌ വ്യക്തം.

വാർത്താസമ്മേളനത്തിലും  നിയമലംഘനം ; രാഷ്ട്രീയ നേട്ടത്തിന്‌ കുഞ്ഞും ആയുധം
സർക്കാരിനും പൊലീസിനുമെതിരെ ആരോപണമുന്നയിക്കാൻ പി വി അൻവർ വാർത്താസമ്മേളനത്തിൽ പിഞ്ച്‌കുട്ടിയെ പ്രദർശിപ്പിച്ചത്‌  നിയമ ലംഘനം. സ്വകാര്യതയെയോ അന്തസിനെയോ ബാധിക്കുന്ന രീതിയിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിക്കരുതെന്ന നിയമം ലംഘിച്ചാണ്‌ അൻവറിന്റെ നടപടി. ജുവനൈൽ ജസ്റ്റിസ്‌ നിയമപ്രകാരം ആറുമാസം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌.

വ്യാഴാഴ്‌ച വൈകിട്ട്‌ നിലമ്പൂർ ഗസ്റ്റ്‌ ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ സ്വർണക്കടത്തിൽ ക്യാരിയറായ വ്യക്തിയുടെയും കുടുംബത്തിന്റെയും ദൃശ്യം അൻവർ പുറത്തുവിട്ടത്‌. കുഞ്ഞും മാതാവും പിതാവുമടങ്ങുന്നവരോട്‌ അൻവർ സംസാരിക്കുന്നതാണ്‌ ദൃശ്യം. കുട്ടികൾ ഉൾപ്പെടുന്ന വീഡിയോ പുറത്തുവിടുമ്പോൾ അവരുടെ മുഖം മറച്ചിരിക്കണമെന്ന്‌ നിയമമുണ്ട്‌. എന്നാൽ, അൻവർ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ ഉടനീളം കുട്ടിയെ കാണാം. ചാനലുകൾ പ്രക്ഷേപണം ചെയ്‌തപ്പോഴും ആദ്യഭാഗത്ത്‌ കുട്ടിയുടെ മുഖം കാണാനാകും. ദൃശ്യം പകുതിയായപ്പോഴാണ്‌ പല ചാനലുകളും കുട്ടിയുടെ മുഖം മറയ്‌ക്കാൻ തയ്യാറായത്‌.   സ്വർണക്കടത്തുകേസിൽ ഉൾപ്പെട്ട വ്യക്തിയുടെ മകനായതിനാൽ കുട്ടിയുടെ ദൃശ്യങ്ങൾ ബോധപൂർവം പ്രദർശിപ്പിക്കുന്നത്‌ ജുവൈനൽ ജസ്റ്റിസ്‌ നിയമപ്രകാരം കുറ്റകൃത്യമാകുമെന്ന്‌ നിയമവിദഗ്‌ധർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top