15 November Friday

ടൂറിസം തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഗൈഡുമാരേയും ഉൾപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കൊച്ചി> ടൂറിസം മേഖലയിൽ ജോലിചെയ്യുന്നവർക്കായി രൂപീകരിക്കുന്ന തൊഴിലാളി ക്ഷേമനിധി ബോർഡിൽ ടൂറിസ്റ്റ് ഗൈഡുകളേയും ഉൾപ്പെടുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എറണാകുളം ഗസ്റ്റ് ഹൗസിൽ ടൂറിസം ഗൈഡ്സ് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിയുടെ ഉറപ്പ്. കിറ്റ്സിൽ നടത്തുന്ന പരിശീലനത്തിൽ വിദേശഭാഷകൾകൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ടൂറിസ്റ്റ് ഗൈഡുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

ടൂറിസം സ്റ്റേക്ക് ഹോൾഡേഴ്‌സ് മീറ്റിംഗുകളിൽ ടൂറിസം ഗൈഡുമാരെ പങ്കെടുപ്പിക്കണമെന്നും അംഗീകാരം ഉള്ള ഗൈഡുകളെ തിരിച്ചറിയാൻ ഉതകുന്ന രീതിയിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും യോഗത്തിൽ അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. സീസൺ അല്ലാത്ത മറ്റു സമയങ്ങളിൽ ഗൈഡുമാർക്ക് ജോലി ഉറപ്പുവരുത്തുന്നതിനായി, സ്കൂളുകളിൽനിന്നും കോളേജുകളിൽ നിന്നും സംഘടിപ്പിക്കുന്ന പഠനയാത്രകളിൽ ഗൈഡുമാരുടെ സേവനം ഉറപ്പാക്കണമെന്ന് ആവശ്യവും യോഗത്തിൽ ഉയർന്നു.  

ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ നിർമ്മാർജ്ജനയുമായി ബന്ധപ്പെട്ട് നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ, അന്തർദേശീയ നിലവാരത്തിലുള്ള ടോയ്‌ലെറ്റുകളുടെ അപര്യാപ്തത, വിദേശികളായ ടൂറിസ്റ്റുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങളിലെ കുറവ്, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, പാർക്കിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ തുടങ്ങിയവയും യോഗത്തിൽ ചർച്ച ചെയ്തു. ടൂറിസം ഗൈഡ്സ് അസോസിയേഷൻ പ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ വിവിധ വകുപ്പുകളുമായി ചർച്ച നടത്തി പരിഹാരം കാണേണ്ടവ മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടേയും ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പു നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top