തിരുവനന്തപുരം
രണ്ടുവർഷംകൊണ്ട‌് 8801.42 ഹെക്ടർ തരിശുഭൂമിയിൽ കേരളം പുതുതായി നെൽക്കൃഷിയിറക്കി. യുഡിഎഫ‌് സർക്കാരിന്റെ അവസാനകാലത്ത‌് കടുംവെട്ട‌് തീരുമാനത്തിന്റെ ഭാഗമായി ഭൂമാഫിയക്ക‌് നികത്താൻ അനുമതി നൽകിയ മെത്രാൻകായലും ആറന്മുള വിമാനത്താവളത്തിന്റെ മറവിൽ മണ്ണിട്ട‌് നികത്തിയ ഭൂമിയും കൃഷിയിറക്കിയ തരിശിടത്തിൽപ്പെടും.
പത്തനംതിട്ട കവിയൂർ പുഞ്ചയിലെ 245 ഏക്കറിലാണ‌് ഏറ്റവുമൊടുവിൽ നെൽകൃഷി. ഇതോടൊപ്പം കശുമാവ‌്, മാവ‌്, വാഴ, പച്ചക്കറി എന്നിവയും ചെറുധാന്യങ്ങളും കൃഷി ചെയ്യുന്നു. 86 പഞ്ചായത്തുകളെ തരിശുരഹിത പഞ്ചായത്തുകളായി താമസിയാതെ പ്രഖ്യാപിക്കും. ഹരിത കേരളം മിഷനും കൃഷിവകുപ്പുമാണ‌് തരിശുനില കൃഷി വ്യാപിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത‌്. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ 1,96,449 ഹെക്ടറായിരുന്നു കേരളത്തിൽ നെൽക്കൃഷി. 2017–-18ൽ 2,20,449 ഹെക്ടറായി വർധിച്ചു. നടപ്പുവർഷം 2,24,000 ഹെക്ടറായി ഉയർത്തലാണ‌് ലക്ഷ്യം.
കേരളത്തിന്റെ ആവശ്യത്തിന‌് ഒരു വർഷം ആവശ്യമുള്ള അരി 40 ലക്ഷം ടണ്ണാണ‌്. ഇതിൽ ആറുലക്ഷത്തിനടുത്ത‌് ടൺ മാത്രമാണ‌് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത‌്. ഇത‌് പത്തുലക്ഷമായി വർധിപ്പിക്കാനാണ‌് തീരുമാനം. ഇതിനായി തരിശുനില കൃഷിക്കൊപ്പം കരനെൽക്കൃഷി, ഒരുപൂ കൃഷിമാത്രം ചെയ്യുന്നിടത്ത‌് ഇരുപൂ കൃഷി എന്നിവയും നടപ്പാക്കും. 2625 ഹെക്ടറിലാണ‌് കരനെൽക്കൃഷി നടന്നത‌്. 3136 ഹെക്ടറിൽ ഒരുപൂ ഇരുപൂ കൃഷിയുമാക്കി.
മെത്രാൻ കായൽ വയലായി
നെൽക്കൃഷിയിറക്കിയ പല തരിശുഭൂമിയും ഭൂമാഫിയക്കും മറ്റും നികത്താൻ യുഡിഎഫ‌് സർക്കാർ അനുമതി നൽകിയവയാണ‌്. ഇതിൽ മെത്രാൻ കായൽ കൈമാറ്റം വൻ വിവാദമായതാണ‌്. ഒടുവിൽ യുഡിഎഫിനുതന്നെ തീരുമാനം റദ്ദാക്കേണ്ടിവന്നു. മെത്രാൻ കായലിലെ 160 ഹെക്ടറിലാണ‌് കൃഷിയിറക്കിയത‌്. തൊടിയൂർ വട്ടക്കായൽ (130 ഹെക്ടർ), ആറൻമുള (55), കോട്ടയം മീനച്ചിലാർ–-മീനന്തറയാർ–കൊടൂരാർ സയോജന പദ്ധതി (800), കോട്ടയം കടുത്തുരുത്തി (130), കവിയൂർ പുഞ്ച (245), തൃശൂർ പുന്നയൂർ (110), മനക്കര, ശാസ‌്‌താംകോട്ട (298.2 ) തുടങ്ങിയവയാണ‌് പ്രധാനം.
ഒരു ബ്ലോക്കിൽ ഒരുപഞ്ചായത്ത‌് തരിശുരഹിതം
ഒരു ബ്ലോക്കിൽ ഒരുപഞ്ചായത്തിനെ തരിശുരഹിതമാക്കുന്നതിന‌് ഹരിതകേരളം മിഷനും കൃഷിവകുപ്പും പദ്ധതി. ആദ്യ പ്രഖ്യാപനം തിരുവനന്തപുരം ചെങ്കലിൽ അടുത്തദിവസം നടക്കും. ഇതോടൊപ്പം ചില മണ്ഡലങ്ങളിൽ മുഴുവൻ പഞ്ചായത്തുകളെയും തരിശുരഹിതമാക്കാനുള്ള പദ്ധതി വിവിധ പേരുകളിൽ നടപ്പാക്കുന്നുണ്ട‌്. പാറശാല (തളിര‌്), കാട്ടാക്കട (ജൈവസമൃദ്ധി), വാമനപുരം (നാട്ടുപച്ച), ചിറയിൻകീഴ‌് (ഉറവ‌്), ചാത്തന്നൂർ (പുനർജനി), തളിപ്പറമ്പ‌് (സമൃദ്ധി), കൊട്ടാരക്കര (ഗ്രീഷ‌്മം) എന്നിവയാണ‌് ഈ മണ്ഡലങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..