27 December Friday

നെല്ല് സംഭരണം: ചാക്കിൽ 50 കിലോ പരിധി നിർബന്ധമില്ല

സ്വന്തം ലേഖികUpdated: Sunday Nov 3, 2024
പാലക്കാട് > നെല്ല് സംഭരണം സുഗമമാക്കാൻ ഫീൽഡ് സ്റ്റാഫിന്റെ കുറവ്‌ ഉടൻ പരിഹരിക്കുമെന്ന്‌ മന്ത്രി ജി ആർ അനിൽ. തൊട്ടടുത്തദിവസം തന്നെ ആവശ്യമായ ജീവനക്കാരെത്തുമെന്നും ഉന്നതതല യോഗത്തിൽ മന്ത്രി ഉറപ്പുനൽകി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കൃഷിക്കാർക്കുള്ള പരാതി തീർപ്പാക്കാൻ സപ്ലൈകോ പാഡി ഓഫീസിൽ പ്രത്യേക ഫോൺ നമ്പറോടുകൂടി സംവിധാനം ഒരുക്കും. 
 
ഒരു ചാക്കിൽ പരമാവധി 50 കിലോ നെല്ല് മാത്രമേ നിറയ്ക്കാൻ പാടുള്ളൂ എന്ന് ചില ഉദ്യോഗസ്ഥരും മില്ലുകാരും ശഠിക്കുന്നതായി യോഗത്തിൽ ആക്ഷേപം ഉയർന്നു. ഇത് അനുവദിക്കാനാവില്ലെന്നും കർഷകർ നിറച്ചുവയ്ക്കുന്ന ചാക്ക് എടുത്ത് അളവ് രേഖപ്പെടുത്തി കൊടുക്കുന്ന രീതി തന്നെ തുടരണമെന്നും സപ്ലൈകോ വിഷയം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. നെല്ലിന്റെ സംഭരണ വില 28.20 രൂപയാണ് ഈ സീസണിൽ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര -–- സംസ്ഥാന സർക്കാരുകൾ വില വർധിപ്പിക്കുന്നതിന് അനുസരിച്ച് കർഷകർക്ക് വില വർധന ലഭ്യമാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് വിലയുടെ കാര്യത്തിൽ തീരുമാനം എടുക്കാനാവില്ല.
 
കർഷകസംഘം നേതൃത്വത്തിൽ ശനിയാഴ്‌ച പ്രതിഷേധ കൂട്ടായ്‌മ നടത്തിയിരുന്നു. ഇതിനെതുടർന്ന്‌ പകൽ രണ്ടിനാണ്‌ മന്ത്രി ജി ആർ അനിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം വിളിച്ചത്‌. കർഷകരുടെ പ്രശ്‌നങ്ങൾ കെ ഡി പ്രസേനൻ എംഎൽഎ അവതരിപ്പിച്ചു. എ പ്രഭാകരൻ എംഎൽഎ, സപ്ലൈകോ സിഎംഡി പി ബി നൂഹ്, സംസ്ഥാന ജില്ലാ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top