22 December Sunday
കരുണാകര മന്ദിരം ഫണ്ട് വകമാറ്റി

ഷാഫി വർഗീയത കളിക്കുന്നയാൾ ; കോണ്‍​ഗ്രസും തെരഞ്ഞെടുപ്പിൽ പണം ഇറക്കാറുണ്ടെന്ന് പത്മജ വേണു​ഗോപാൽ

സ്വന്തം ലേഖികUpdated: Wednesday Nov 6, 2024


തൃശൂർ
കോൺ​ഗ്രസും തെരഞ്ഞെടുപ്പ് സമയത്ത് പണം കൊണ്ടുവന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. പണം കൊണ്ടുവന്ന രീതി മാത്രമാണ് അറിയാത്തത്. കുഴൽപ്പണമാണോ എന്ന് നോക്കിയിട്ടില്ല. കൊടകര കുഴൽപ്പണക്കേസ് ബിജെപിയെ ബാധിക്കില്ല. പുതിയ വിഷയം കിട്ടുമ്പോൾ  ജനം ഇത് മറക്കുമെന്നും അവർ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വളർത്തുന്നവരെ നശിപ്പിക്കുകയെന്നതാണ് കോൺ​ഗ്രസിന്റെ പാരമ്പര്യം. കെ കരുണാകരനോടും ഉമ്മൻചാണ്ടിയോടും അത് കാണിച്ചു. വി ഡി സതീശൻ  പ്രതിപക്ഷ നേതാവായത് എങ്ങനെയെന്ന് വ്യക്തമായി അറിയാം.  പവർ​ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് പാർടി. ഇപ്പോൾ യുഡിഎഫ് വരും  ഇപ്പോൾ  മന്ത്രിയാകുമെന്നും കരുതുന്നയാളാണ് ഷാഫി.  ജയിച്ചാൽ ഒന്നരവർഷം കഴിഞ്ഞ് രാഹുലിനെ മാറ്റി വീണ്ടും പാലക്കാട്‌ മത്സരിക്കാനാണ് ശ്രമം. ഉമ്മൻചാണ്ടിയുടെ വലംകൈയായി നിൽക്കുമ്പോഴും ഇപ്പോഴത്തെ പവർ ഗ്രൂപ്പുമായി ഷാഫി  ബന്ധംപുലർത്തിയിരുന്നു. വർ​ഗീയ ചായ്‌വുള്ള വ്യക്തിയാണ് ഷാഫി. കോൺ​ഗ്രസിനും വർ​ഗീയത പറഞ്ഞേ ജീവിക്കാനാവൂ. ‌ മുഖ്യമന്ത്രി സ്ഥാനാർഥി ആകേണ്ടയാളാണ് കെ മുരളീധരൻ. അതുകൊണ്ടാണ് പാലക്കാടാണ് സീറ്റ് നൽകാതിരുന്നത്. അമ്മയെ മോശമായി പറഞ്ഞയാൾക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കാൻ മുരളീധരന് കഴിയില്ല. പാർടിയുടെ നിർബന്ധത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതെന്നും അവർ പറഞ്ഞു. 

കരുണാകര മന്ദിരം ഫണ്ട്  വകമാറ്റി  
കെ കരുണാകരൻ സ്മാരക മന്ദിരത്തിന്റെ ഫണ്ട് കെപിസിസി ശമ്പളം നൽകാൻ ഉപയോ​ഗിച്ചെന്ന് പത്മജ വേണു​ഗോപാൽ പറഞ്ഞു.  ഇത്‌ വഞ്ചനയാണ്. കോൺഗ്രസ്‌  വിടുമ്പോൾ 1.25 കോടിരൂപയാണ് സ്മാരക മന്ദിരത്തിനായി ശേഖരിച്ച അക്കൗണ്ടിലുണ്ടായിരുന്നത്. തുടർന്ന്  പരിശോധിച്ചപ്പോൾ 50 ലക്ഷം രൂപ കുറവുള്ളതായി കണ്ടെത്തി. പണം എവിടെപ്പോയെന്ന് അന്വേഷിച്ചപ്പോൾ കെപിസിസിക്ക് ശമ്പളം നൽകാൻ വിനിയോ​ഗിച്ചെന്നായിരുന്നു മറുപടി. അത് പറ്റില്ലെന്ന് പറഞ്ഞതോടെ തുക തിരിച്ചിട്ടു. തുടർന്നും കെപിസിസി 15 ലക്ഷം രൂപ   ഫണ്ടിൽ നിന്നെടുത്തു. ഇതു കൂടാതെ കെ കരുണാകരൻ സ്മാരക മന്ദിരത്തിനായുള്ള ഫണ്ട് ശേഖരണത്തിന്റെ പ്രാരംഭ ദിശയിൽ 20 ലക്ഷം രൂപ  പ്രമുഖ കോൺ​ഗ്രസ് നേതാവ് വാങ്ങി, ഇതുവരെ തിരിച്ചുനൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. കെ കരുണാകരൻ സ്മാരകമന്ദിരം ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കോൺ​ഗ്രസ് വിട്ടതെന്നും പത്മജ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top