പാലക്കാട് > ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവും എല്ലാ അതിരും ലംഘിച്ച് പുറത്തുവന്നതോടെ അംഗത്വ ക്യാമ്പയിൻ പൊളിഞ്ഞു. അഞ്ച് വർഷംകൂടുമ്പോൾ നടക്കുന്ന മെമ്പർഷിപ് പ്രവർത്തനത്തിൽ പാലക്കാട് ജില്ല ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇതോടെ ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വം നിർദേശിച്ചതായി തിങ്കളാഴ്‌ച ചേർന്ന ജില്ലാ ഭാരവാഹി യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അറിയിച്ചതായി സൂചന. മെമ്പർഷിപ് പ്രവർത്തനം ഏറ്റവും മോശമായി നടക്കുന്ന ജില്ലാ കമ്മിറ്റിയായി പാലക്കാടിനെ ദേശീയ നേതൃത്വം പ്രഖ്യാപിച്ചതായും കുമ്മനം അറിയിച്ചു. പാലക്കാട് ജില്ലയിൽ ഇതുവരെ 18,000 മെമ്പർഷിപ് മാത്രമാണ് ചേർക്കാനായത്. കഴിഞ്ഞ തവണ ഒന്നേകാൽ ലക്ഷമായിരുന്നു അംഗത്വം. ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ ഇതുവരെ രണ്ടായിരം മെമ്പർഷിപ് കടന്നിട്ടില്ല. സെപ്‌തംബർ ഒന്നിന് തുടങ്ങിയ അംഗത്വ ക്യാമ്പയിൻ 30ന് അവസാനിക്കും.
ജില്ലയിൽ രൂക്ഷമായ വിഭാഗീയതയും ഏകോപനമില്ലായ്‌മയും പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതായി നേരത്തെതന്നെ നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ചേർന്ന ജില്ലാ ഭാരവാഹിയോഗങ്ങളിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കാത്തതും ചർച്ചയായിരുന്നു. തിങ്കളാഴ്‌ച ചേർന്ന യോഗത്തിൽ എൻ ശിവരാജനടക്കമുള്ള മുതിർന്ന നേതാക്കളെ ക്ഷണിച്ചില്ല. സന്ദീപ് വാര്യർ ഉൾപ്പെടെ ഏഴ് സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുത്തില്ല. ഭൂരിഭാഗം മണ്ഡലം ഭാരവാഹികളും യോഗം ബഹിഷ്‌കരിച്ചു. 133പേർ പങ്കെടുക്കേണ്ടിടത്ത് എത്തിയത് 27പേർ മാത്രം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം, ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിന്റെ കണക്ക് അവതരിപ്പിച്ചില്ല തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ജില്ലാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രവർത്തകർ പരാതി നൽകിയിരുന്നു. കഴിഞ്ഞമാസം ജെ പി നദ്ദ പാലക്കാട്ട് വന്നപ്പോൾ പ്രവർത്തകർക്ക് പരാതി പറയാനുള്ള അവസരം നിഷേധിച്ചു. ക്ഷണിച്ചുവരുത്തിയ പൗര പ്രമുഖരെ സംസാരിക്കാൻ അവസരം നൽകാതെ അപമാനിച്ചതായും ജില്ലാ നേതൃത്വത്തിന്റെ കൊള്ളരുതായ്‌മകൾ ദേശീയ പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ യോഗം പ്രഹസനമാക്കിയെന്നും പരാതി ഉയർന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..