പാലക്കാട്
ഉപതെരഞ്ഞെടുപ്പിൽ ഒന്നിനുപിറകേ ഒന്നായി ആരോപണങ്ങൾ നേരിടുന്ന യുഡിഎഫിനെ എന്തുനുണയെഴുതിയും വെളുപ്പിക്കാനുള്ള ‘ക്വട്ടേഷൻ’ ഏറ്റെടുത്ത് യുഡിഎഫ് പത്രം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേരിടുന്ന പ്രതിസന്ധികളിൽ വ്യക്തമാണ് ആ പത്രത്തിന്റെ വെപ്രാളം.
സ്ഥാനാർഥിക്കാര്യത്തിൽ കോൺഗ്രസിലുണ്ടായ അഭിപ്രായ ഭിന്നതയും എഐസിസിക്ക് ഡിസിസി അയച്ച രഹസ്യ കത്ത് ചോർന്നതിലും കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തിലും കോൺഗ്രസിനെ വെളുപ്പിക്കാനാണ് പത്രം ശ്രമിച്ചുകൊണ്ടിരുന്നത്. ‘കോൺഗ്രസ് വനിതാനേതാക്കൾ താമസിച്ച മുറിയിലേക്ക് പൊലീസ് ഇടിച്ചുകയറി പരിശോധനയ്‌ക്ക് ശ്രമിച്ചു’ എന്നായിരുന്നു ആദ്യദിന വാർത്ത. ‘പാതിരാ റെയ്‌ഡ് ശൂ...’ എന്നായി രണ്ടാംദിവസം. പരിശോധന നടന്ന ഹോട്ടലിന്റെ ഉടമയുടെ വിവരംവരെ അന്വേഷിച്ച് വാർത്തയാക്കി കോൺഗ്രസിനോടുള്ള കൂറ് ആവർത്തിച്ചു.
‘റെയ്‌ഡിൽ വീഴ്‌ച’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്‌ച നൽകിയ വാർത്തയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ‘വീഴ്‌ചയുണ്ടായതായി തെരഞ്ഞെടുപ്പ് കമീഷന് കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി’യെന്നും പ്രചരിപ്പിച്ചു. ഇക്കാര്യം കലക്ടർതന്നെ നിഷേധിച്ചതോടെ പത്രം വെട്ടിലായി. താൻ റിപ്പോർട്ട് നൽകിയെന്ന വാർത്ത വസ്‌തുതാവിരുദ്ധമാണെന്ന് കലക്ടർ ഡോ. എസ് ചിത്രയ്‌ക്ക് വാർത്താക്കുറിപ്പിറക്കേണ്ടിവന്നു. കലക്ടറുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..