തിരുവനന്തപുരം
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ കനത്ത തിരിച്ചടിയുൾപ്പെടെയുള്ള ഉപതെരഞ്ഞെടുപ്പു ഫലം ബിജെപിയിലെ ആഭ്യന്തരപോര് രൂക്ഷമാക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യത്തിനും ശക്തികൂടും.
ചേലക്കരയിൽ വോട്ടിൽ നേരിയ വർധന ഉണ്ടാക്കാനായെങ്കിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലും ബിജെപി അടപടലം താഴേക്കുപോയി. കെ സുരേന്ദ്രനും അദ്ദേഹത്തിന്റെ നോമിനികളായി വന്ന പാലക്കാട്ടെയും വയനാട്ടിലെയും സ്ഥാനാർഥികൾക്കും ഉപതെരഞ്ഞെടുപ്പ് ഫലം ശുഭസൂചകമല്ല. കേന്ദ്രത്തിൽ ഭരണമുണ്ടെങ്കിലും കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന വിമർശം പാർടിക്കുള്ളിലുണ്ട്. അതുമറികടക്കാനാണ് തെരഞ്ഞെടുപ്പിലെ വിഷലിപ്‌തമായ വർഗീയപ്രചാരണം. പ്രത്യേകിച്ച് മുനമ്പം വിഷയം കത്തിച്ചുനിർത്താനായിരുന്നു ശ്രമം. എന്നിട്ടും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായില്ല. എന്നാൽ തൃശൂരിൽ ജയിപ്പിച്ചതിനു പകരം പാലക്കാട്ട് കോൺഗ്രസിനു വോട്ടു മറിച്ചുകൊടുത്തുവെന്ന ആരോപണവും ഉയരുന്നുണ്ട്.
പാലക്കാട്ട് കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളായിരുന്നു ആദ്യമുണ്ടായിരുന്നത്. സ്ഥിരംസ്ഥാനാർഥികളെന്നതും ഉപതെരഞ്ഞെടുപ്പാണെന്നതും ചൂണ്ടിക്കാട്ടി കെ സുരേന്ദ്രനെ ഒഴിവാക്കി. പി കെ കൃഷ്‌ണദാസ് പക്ഷത്തിന്റെ നോമിനിയായ ശോഭ സുരേന്ദ്രനെ എതിർപക്ഷവും വെട്ടി. അങ്ങനെയാണ് മുനിസിപ്പാലിറ്റിമുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ സ്ഥിരംസ്ഥാനാർഥിയാകുന്ന സി കൃഷ്‌ണകുമാറിനെ കെ സുരേന്ദ്രൻ അവതരിപ്പിച്ചത്. സുരേന്ദ്രൻ നേരിട്ട് പ്രചാരണച്ചുമതലയും ഏറ്റെടുത്തു. ശോഭ സുരേന്ദ്രനെ പിണക്കിയതും ബിജെപിയുടെ വർഗീയ പ്രചാരണം ശക്തമായി നടത്തിയിരുന്ന സന്ദീപ് വാര്യർക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയതും സുരേന്ദ്രൻവിരുദ്ധ പക്ഷം ഉയർത്തുന്നുണ്ട്.
കൃഷ്‌ണകുമാർ അധികാരമോഹി: എൻ ശിവരാജൻ
സി കൃഷ്‌ണകുമാറിനെതിരെ ബിജെപി ദേശീയ സമിതി അംഗം എൻ ശിവരാജൻ. മറ്റാരെങ്കിലും സ്ഥാനാർഥിയായിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും കോട്ടം അടിത്തറയ്‌ക്കല്ല മേൽക്കൂരയ്‌ക്കാണെന്നും ശിവരാജൻ പറഞ്ഞു. സി കൃഷ്‌ണകുമാർ അധികാരമോഹിയാണ്. സന്ദീപ് വാര്യരുടെ യുഡിഎഫ് പ്രവേശം ഒഴിവാക്കേണ്ടിയിരുന്നു. കൃഷ്‌ണകുമാറിന് ജനങ്ങളുമായി ബന്ധമില്ല. കോർ കമ്മിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടും സ്ഥാനാർഥിയെ മാറ്റിയില്ല. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരിൽ ആരെങ്കിലുമായിരുന്നെങ്കിൽ വോട്ട് പിടിക്കാൻ കഴിയുമായിരുന്നു. ഇ ശ്രീധരൻ മത്സരിച്ചപ്പോൾ രംഗത്തുണ്ടായിരുന്ന പലരും ഇത്തവണ പ്രചാരണത്തിനുപോലും ഇറങ്ങിയില്ല. ഒരു ബൂത്തിന്റെ ചുമതലയാണ് തനിക്ക് തന്നിരുന്നത്. തന്നെ അത്രയേ കണക്കാക്കിയിട്ടുള്ളൂ. ഉത്തരവാദിത്വം പൂർണമായി നിർവഹിച്ചു. കനത്ത പരാജയം പ്രതീക്ഷിച്ചില്ല–- എൻ ശിവരാജൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..