പാലക്കാട് > യുഡിഎഫ് ക്യാമ്പിൽ കടുത്ത ആഘാതം സൃഷ്‌ടിച്ച് കൊണ്ടാണ് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനർത്ഥിയായി ഡോ. പി സരിന്റെ കടന്നുവരവ്. കോൺഗ്രസ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള ഏതാനും പേരുടെ കോക്കസ് ആയി മാറിയെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാഹചര്യം ഒരുക്കിയത് ബിജെപിയെ സഹായിക്കാനുള്ള ‘ഡീൽ’ ആണെന്നുമുള്ള ഗുരുതര ആരോപണമുന്നയിച്ചാണ് സരിൻ പാർടിയിൽ നിന്ന് പുറത്തേക്ക് വന്നത്. വി ഡി സതീശൻ, ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങളും ഇതിന് അടിവരയിടുന്നതായിരുന്നു.
പാലക്കാട് നഗരത്തിനടുത്ത് കാടാങ്കോടാത്തകണ് സരിന്റെ താമസം. പഴയന്നൂർ ഗവ. ഹൈസ്‌ക്കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കായ സരിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 2007 ൽ എംബിബിഎസ് നേടുകയും ചെയ്തു. അവിടെ യൂണിയൻ ചെയർമാനായിരുന്നു. ഐഎഎഎസ് നേടി ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി ആറര വർഷം പ്രവർത്തിച്ച സരിൻ 2016- മെയ് രണ്ടിന് ജോലി രാജിവച്ച് കോൺഗ്രസ് പ്രവർത്തകനായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി സാമൂഹ്യമാധ്യമ വിഭാഗം സംസ്ഥാന കോർഡിനേറ്റർ, എഐസിസി ഗവേഷക വിഭാഗം കോ ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു. നിലവിൽ എറണാകുളം ഗവ. ലോ കോളേജിലെ നിയമ വിദ്യാർഥിയാണ്. തിരുവില്വാമല പകവത്ത് കുടുംബാംഗമാണ് ഡോ. പി സരിൻ. അച്‌ഛൻ: എം രാമകൃഷ്ണൻ. അമ്മ: പി ഗീത, ഭാര്യ: ഷാർജ മെഡ് കെയർ ആശുപത്രിയിൽ നവജാത ശിശുരോഗ വിദഗ്‌ധ ഡോ.സൗമ്യ സരിൻ. മകൾ: സ്വാതിക സരിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..