പാലക്കാട്
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ട് നില ഉയർത്തി എൽഡിഎഫ്. മതതീവ്രവാദ സംഘടനകളുടെയും ആർഎസ്‌എസിന്റേയും വോട്ട് വേണ്ടെന്ന് ആദ്യമേ ഉറച്ച നിലപാടെടുത്ത എൽഡിഎഫിന് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വർധിപ്പിക്കാനായി. എന്നാൽ ബിജെപിയുടെ വോട്ട് ചോർച്ച കോൺഗ്രസ് –- ബിജെപി ഡീൽ എന്ന എൽഡിഎഫ് ആരോപണം ശരിവയ്‌ക്കുന്നതായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥി സി പി പ്രമോദിന് ലഭിച്ചത് 36,433 വോട്ട് ആയിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് അസംബ്ലി മണ്ഡലത്തിൽ സിപിഐ എമ്മിലെ എ വിജയരാഘവന് ലഭിച്ചത് 34,640 വോട്ട്. ഈ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് ലഭിച്ചത് 37,293 വോട്ടും.
പാലക്കാട് നഗരസഭ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നില മെച്ചപ്പെടുത്താനായി. സർക്കാർ വിരുദ്ധ വികാരം ജനങ്ങൾക്കില്ലെന്ന് വോട്ടിങ് നില വ്യക്തമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2653 വോട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 860 വോട്ടും എൽഡിഎഫിന് കൂടി. എസ്‌ഡിപിഐ, ജമാ അത്തെ ഇസ്ലാമി സംഘടനകൾ പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. വെൽഫെയർ പാർടിയുടെ പിന്തുണയും യുഡിഎഫിനായിരുന്നു. മത തീവ്രവാദ സംഘടനകളുടെയും മറ്റ് രാഷ്ട്രീയ പാർടികളുടെയും പിന്തുണ തേടിയിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് 4310 വോട്ട് മാത്രമാണ് കൂടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 11,277 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. ഇത് അപ്പാടെ യുഡിഎഫിന് അനുകൂലമായി. പതിനായിരം വോട്ടുകൾ യുഡിഎഫിന് അനുകൂലമാക്കാമെന്ന് ഷാഫി പറമ്പിലിന് എസ്‌ഡിപിഐ ഉറപ്പുനൽകിയതായും യുഡിഎഫ് നേതാക്കൾ സൂചന നൽകിയിരുന്നു. യുഡിഎഫ് വിജയത്തിൽ ആദ്യം ആഹ്ലാദപ്രകടനം നടത്തിയതും എസ്‌ഡിപിഐ ആയിരുന്നു. ഈ സഖ്യമുള്ളതിനാലാണ് ഒരുഘട്ടത്തിലും എസ്‌ഡിപിഐ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറയാതിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..