16 October Wednesday

അടിതുടങ്ങി: രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ വിയോജിച്ച് സരിൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

പാലക്കാട്  > പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺ​ഗ്രസിൽ ഭിന്നത. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സ്ഥാനാർഥിയാകാൻ സജീവമായി പരിഗണിച്ചിരുന്ന കോൺ​ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ. പി സരിൻ വിയോജിപ്പുമായി രം​ഗത്തെത്തിയതോടെ നേതൃത്വം പ്രതിസന്ധിയിലായി. പ്രതിപക്ഷ നേതാവ് അടക്കം തന്നെ അവഗണിച്ചെന്നാണ് സരിന്റെ ആക്ഷേപം. മറ്റു നേതാക്കളെല്ലാം രാഹുലിന്റെ പോസ്റ്റർ പങ്കുവച്ചപ്പോൾ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന സരിന്റെ പ്രൊഫൈലിലെവിടെയും അതുണ്ടായില്ല. അതൃപ്തി സരിൻ അടുപ്പമുള്ള നേതാക്കളെ അറിയിച്ചതായാണ് വിവരം. രാവിലെ 11.45ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സരിനെ അനുനയിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് കോൺ​ഗ്രസ് നേതൃത്വം. ആവശ്യം അനുഭാവപൂർവം പരി​ഗണിക്കുമെന്നും വാർത്താ സമ്മേളനം വിളിക്കരുതെന്നും നേതാക്കൾ സരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒറ്റപ്പാലം സ്വദേശിയായ സരിനെ സ്ഥാനാർഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരനടക്കം താൽപര്യം. എന്നാൽ  ‌ഷാഫി പറമ്പിലും വി ഡി സതീശനും രാഹുലിനെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ രാഹുലിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ജില്ലയ്ക്ക് പുറത്തു നിന്നുള്ള രാഹുലിനെ സ്ഥാനാർഥിയാക്കുന്നതിൽ പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്ന വേളയിൽ സരിൻ ഡൽഹിയിലെത്തി മുതിർന്ന നേതാക്കളെ കണ്ടിരുന്നതായും ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്ഥാനാർത്ഥി വേണ്ട എന്നാവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതൊന്നും പര​ഗണിക്കാതെ രാഹുലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് സരിൻ രം​ഗത്തെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സരിൻ. എന്നാൽ സിപിഐഎമ്മിന്റെ സ്വാധീന മേഖലയിൽ ജയിക്കാനായില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top