22 December Sunday
ഡിസിസിയുമായി ആലോചിച്ച്‌ പ്രചാരണം സംഘടിപ്പിക്കാൻ ഷാഫിക്ക് നിർദേശം

തന്ത്രം പിഴച്ചു , ഭിന്നത രൂക്ഷം ; ഇടഞ്ഞ്‌ നേതാക്കൾ , അടിതെറ്റി കോൺഗ്രസ്

ദിനേശ്‌ വർമUpdated: Monday Oct 21, 2024


തിരുവനന്തപുരം
പാലക്കാട്‌, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ഓരോന്നായി പൊളിഞ്ഞതോടെ കോൺഗ്രസ്‌ നേതൃത്വത്തിൽ ഭിന്നത രൂക്ഷം. പാലക്കാട്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിന്‌ പിന്തുണയുമായി കൂടുതൽ കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും എത്തിയത്‌ കോൺഗ്രസിന്‌  ഭീഷണിയായി.

പി വി അൻവറിന്റെ പിന്നാലെപോയി പാർടിക്ക്‌ നാണക്കേടുണ്ടാക്കിയതിൽ വി ഡി സതീശനും സുധാകരനുമെതിരെ വലിയൊരു വിഭാഗം പ്രതിഷേധത്തിലാണ്‌. ഇടഞ്ഞുനിന്ന എഐസിസി അംഗത്തെയടക്കം ഉപയോഗിച്ച്‌ ചേലക്കരയിലും പാലക്കാടും സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ വിലപേശാൻവന്ന അൻവറുമായി സതീശൻ ചർച്ച നടത്തിയിരുന്നു. ഇത്‌ രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെടുമെന്ന ആശങ്ക പ്രവർത്തകരിലുണ്ടാക്കി. രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന ഉപാധികൂടി അൻവർ വച്ചതോടെ കോൺഗ്രസ്‌ വെട്ടിലായി. സതീശൻ തകിടം മറിഞ്ഞെങ്കിലും കെപിസിസി അധ്യക്ഷൻ കെ സുധാകരനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ്‌ മുൻഷിയും ചർച്ച തുടരണമെന്ന നിലപാടിലാണ്‌.

'അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ല, തമാശ പറയരുത്. സൗകര്യമുണ്ടെങ്കിൽ സ്ഥാനാർഥിയെ പിൻവലിക്കട്ടെ. ഇനി ചർച്ചയില്ല- ’ എന്നാണ്‌ സതീശൻ ഇപ്പോൾ പറയുന്നത്‌. അൻവറിനുമുന്നിൽ വാതിൽ അടച്ചിട്ടില്ലെന്ന നിലപാടിലാണ്‌ മറ്റു നേതാക്കൾ. അതേസമയം യുഡിഎഫുമായി ചർച്ച തുടരുകയാണെന്ന്‌ അൻവർ പ്രതികരിച്ചു.

പാലക്കാട്‌ യുഡിഎഫ്‌ പ്രചാരണം ഏകപക്ഷീയമായി നയിക്കുന്ന ഷാഫി പറമ്പിലിന്‌ മൂക്കുകയറിടാനും സുധാകരനൊപ്പമുള്ള കെപിസിസി ഭാരവാഹികൾ നീക്കംതുടങ്ങി. ഡിസിസിയുമായി ആലോചിച്ച്‌ പ്രചാരണം സംഘടിപ്പിക്കാൻ നിർദേശം നൽകി.ചേലക്കരയിൽ കേന്ദ്രീകരിക്കാൻ ആരുമില്ലെങ്കിൽ രമ്യ ഹരിദാസിന്‌ വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്ന്‌ നേതൃയോഗത്തിൽ നേതാക്കൾ പറഞ്ഞു. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്താകാൻ കാരണക്കാരായ ടി എൻ പ്രതാപൻ, അനിൽ അക്കര എന്നിവർക്കാണ്‌ രമ്യയെ വിജയിപ്പിക്കാനുള്ള ചുമതല. കെ മുരളീധരൻ ചേലക്കരയിലും പാലക്കാട്ടും തൽക്കാലം പ്രചാരണത്തിനെത്തില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

സരിനെ പിന്തുണച്ച്‌ പോസ്റ്റിട്ട 
യൂത്ത്‌ കോൺ. നേതാവിനെ മർദിച്ചു
പാലക്കാട്ടെ എൽഡിഎഫ്‌  സ്ഥാനാർഥി ഡോ. പി സരിനെ പിന്തുണച്ച്‌ ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെ തടഞ്ഞുനിർത്തി മർദിച്ചു. യൂത്ത്‌ കോൺഗ്രസ്‌ നെന്മാറ മണ്ഡലം സെക്രട്ടറി അയിലൂര്‍ സ്വദേശി ശ്രീജിത്‌ ബാബു(32)വിനെയാണ്‌ ഷാഫി പറമ്പിലിന്റെ അനുയായികൾ മർദിച്ചത്‌. തിങ്കൾ രാവിലെ എട്ടിന്‌ നെന്മാറ ചേവക്കുളത്താണ്‌ സംഭവം.

ഷാഫി പറമ്പിലിന്റെ ഗുണ്ടാസംഘത്തിൽപ്പെട്ട കോൺഗ്രസ്‌ ബൂത്ത്‌ സെക്രട്ടറി സതീഷ്‌ വാസു, യൂത്ത് കോൺഗ്രസ്  നേതാവ്‌ എസ് ബേസിൽ എന്നിവർ ടിപ്പറിലെത്തി സ്കൂട്ടറിൽനിന്ന്‌ തള്ളിയിട്ട് മര്‍ദിച്ചുവെന്ന്‌ ശ്രീജിത്‌ ബാബു നെന്മാറ പൊലീസിന്‌ നൽകിയ പരാതിയിൽ പറഞ്ഞു. സതീഷ്‌ വാസുവിനെതിരെ പൊലീസ്‌ കേസെടുത്തു.
കൈയിലും തലയ്‌ക്കും ചുമലിലും പരിക്കേറ്റ ശ്രീജിത്ത് നെന്മാറയിലെ ആശുപത്രിയിൽ ചികിത്സ തേടി. ‘ഷാഫി, കോൺഗ്രസിലെ ഒരുവിഭാഗത്തെ അടിച്ചമർത്തുകയാണ്‌. കോൺഗ്രസ്‌ പ്രവർത്തകരെ അടിച്ചൊതുക്കി എങ്ങനെയാണ്‌ ഇവർ തെരഞ്ഞെടുപ്പ്‌ ജയിക്കുക’–- ശ്രീജിത്‌ ബാബു ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top