15 November Friday

പാലക്കാട്‌ 
അങ്കത്തട്ടിലേക്ക്‌

എസ്‌ സിരോഷUpdated: Wednesday Oct 16, 2024


പാലക്കാട്‌
നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ത്രികോണ പോരാട്ടത്തിനായിരിക്കും ഇത്തവണയും പാലക്കാട്‌ സാക്ഷ്യം വഹിക്കുക. ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ച്‌ എംപിയായതോടെയാണ്‌ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിന്‌ വഴിയൊരുങ്ങിയത്‌. 2021ലെ തെരഞ്ഞെടുപ്പിൽ 3,859 വോട്ടിനാണ്‌ യുഡിഎഫിലെ ഷാഫി പറമ്പിൽ വിജയിച്ചത്‌. ബിജെപിയിലെ ഇ ശ്രീധരനെയാണ്‌ പരാജയപ്പെടുത്തിയത്‌. ഷാഫി 54,079 വോട്ട്‌ നേടിയപ്പോൾ ഇ ശ്രീധരന്‌ ലഭിച്ചത്‌ 50,220 വോട്ട്‌. എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന സി പി പ്രമോദിന്‌ ലഭിച്ചത്‌ 36,433 വോട്ട്‌. യുഡിഎഫിന് 38.06 ശതമാനവും ബിജെപിയ്‌ക്ക്‌ 35.34 ശതമാനവും എൽഡിഎഫ്‌ 25.64 ശതമാനം വോട്ടുമാണ്‌ നേടിയത്‌. 2016ലെ തെരഞ്ഞെടുപ്പിൽ ഷാഫിയുടെ ഭൂരിപക്ഷം 18,884 വോട്ടായിരുന്നു. ഷാഫി  57,559 വോട്ട്‌ നേടിയപ്പോൾ ബിജെപിയിലെ ശോഭ സുരേന്ദ്രന്‌ 40,076 വോട്ടും എൽഡിഎഫിലെ എൻ എൻ കൃഷ്‌ണദാസിന്‌ 38,675 വോട്ടുമാണ്‌ ലഭിച്ചത്‌.

പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന്‌ തൊട്ടുപിന്നാലെ സ്ഥാനാർഥിത്വത്തിനായി കോൺഗ്രസിൽ അങ്കം ആരംഭിച്ചിരുന്നു. ഷാഫി പറമ്പിൽ ആദ്യംതൊട്ടേ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിനുവേണ്ടി ചരടുവലികൾ തുടങ്ങി. ഐ ഗ്രൂപ്പുകാരനായ വി കെ ശ്രീകണ്‌ഠനും കെ സി വേണുഗോപാൽ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ്‌ എ തങ്കപ്പനും രാഹുലിനെ കെട്ടിയിറക്കുന്നതിൽ എതിർപ്പുമായി രംഗത്തുവന്നു.

ബിജെപിയിലും തർക്കം രൂക്ഷമാണ്‌. പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ ഫണ്ട്‌ വെട്ടിപ്പിൽ നാണംകെട്ട ജില്ലാ നേതൃത്വത്തിന്‌ സ്ഥാനാർഥിയെ കണ്ടെത്തുക കീറാമുട്ടിയാവും. സി കൃഷ്‌ണകുമാർ പാലക്കാട്‌ സ്ഥാനാർഥിയാവാൻ ശ്രമിക്കുമ്പോൾ ശോഭ സുരേന്ദ്രനും രംഗത്തുണ്ട്‌. ഫണ്ട്‌ വെട്ടിപ്പ്‌ ആരോപണം നേരിടുന്ന നേതാക്കൾക്ക്‌ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലെ സാമ്പത്തിക ചുമതല നൽകിയതിൽ പ്രതിഷേധിച്ച്‌ ബിജെപി തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയോഗം ശോഭ സുരേന്ദ്രൻ പക്ഷം കഴിഞ്ഞ ദിവസം ബഹിഷ്‌കരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top