തിരുവനന്തപുരം
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആർഎസ്‌എസ് നേരിട്ടിറങ്ങി പ്രവർത്തിച്ചിട്ടും ഗുണമുണ്ടായില്ലെന്ന് വിലയിരുത്തൽ. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം ബിജെപിയിൽ പോരടിച്ചുനിന്ന ചിലരെ ഒന്നിപ്പിച്ചെങ്കിലും എല്ലാവരെയും രംഗത്തിറക്കാൻ പര്യാപ്‌തമായില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സി കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതോടെ ബിജെപിയിൽ അനുദിനം പൊട്ടിത്തെറിയും വിവാദവും രൂക്ഷമായതോടെയാണ് ആർഎസ്‌എസ് തന്നെ പ്രവർത്തനം ഏറ്റെടുത്തത്. ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ശക്തമായി വാദിച്ച വിഭാഗം നിർജീവമായി. നഗരസഭ ഭരിക്കുന്ന പാർടിയായിട്ടും കാര്യമായ പ്രവർത്തനം ഉണ്ടായില്ല. നഗരസഭ ഭരണം കൈകാര്യം ചെയ്യുന്ന സി കൃഷ്ണകുമാറിന്റെ ഭാര്യയോടുള്ള എതിർപ്പും ഭിന്നത രൂക്ഷമാക്കി. നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് ഒരു സമുദായം എതിരായതും ബിജെപിയെ വെട്ടിലാക്കിയിരുന്നു. സാധാരണക്കാരായ പാർടിക്കാർ പോലും മാറിനിൽക്കുന്ന സ്ഥിതിയിലെത്തിയെന്നുമാണ് ഒരുവിഭാഗം ബിജെപി നേതാക്കളുടെ പരാതി. എന്നാൽ സന്ദീപിന്റെ പോക്ക് തങ്ങൾക്ക് ഗുണംചെയ്‌തുവെന്നാണ് കൃഷ്ണകുമാറിനൊപ്പമുള്ളവരുടെ വാദം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരൻ നേടിയ വോട്ടിന്റെ അടുത്ത് എത്തില്ലെന്ന് ആർഎസ്‌എസ് നേതാക്കളും വിലയിരുത്തുന്നു. ഡോ. സരിന്റെ വരവ് പാലക്കാട് നഗരത്തിലുള്ള വോട്ടർമാരിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന തിരിച്ചറിവും ഇവർക്കുണ്ട്.
എല്ലാ തെരഞ്ഞെടുപ്പിലും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യംവച്ചാണ് സി കൃഷ്ണകുമാർ മത്സരിക്കുന്നതെന്നും ഇക്കുറി മാറ്റിനിർത്തണമെന്നും ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഒരുവിഭാഗം നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ശോഭ സുരേന്ദ്രനെ മാറ്റിനിർത്താനായി കെ സുരേന്ദ്രനും കൂട്ടരും കൃഷ്ണകുമാറിനെ ഉറപ്പിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..