22 December Sunday

വിധിയെഴുതാൻ പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പോളിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

പാലക്കാട്‌> പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് പോളിങ് ആരംഭിച്ചു. മണ്ഡലത്തിലെ  185 പോളിങ്‌ ബൂത്തുകളിലായാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോ​ഗിക്കാനുള്ള സമയം.

മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്‌. പാലക്കാട്‌ നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ്‌ പാലക്കാട്‌ മണ്ഡലം. വോട്ടർമാരിൽ സ്‌ത്രീകളാണ്‌ കൂടുതൽ- 1,00,290. 94,412 പുരുഷ വോട്ടർമാരും നാല്‌ ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്‌.

ശക്തമായ പ്രചാരണത്തിലൂടെ ജനങ്ങളിലേക്കെത്താൻ എൽഡിഎഫിന്‌ കഴിഞ്ഞു. കോൺഗ്രസ്‌, ബിജെപി കോട്ടകളിൽ വിള്ളൽവീഴ്‌ത്താൻ കഴിഞ്ഞുവെന്നത്‌ എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്‌. സ്ഥാനാർഥി ഡോ. പി സരിന്റെ വ്യക്തിപ്രഭാവവും വലിയ സ്വീകാര്യതയുണ്ടാക്കി.

അങ്കത്തട്ടിൽ 10 പേർ

പാലക്കാട്‌ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ രംഗത്തുള്ളത്‌ 10 സ്ഥാനാർഥികൾ. ഡോ. പി സരിൻ (സ്വതന്ത്രൻ, ചിഹ്നം: സ്‌റ്റെതസ്‌കോപ്പ്), സി കൃഷ്ണകുമാർ (ബിജെപി, ചിഹ്നം: താമര), രാഹുൽ മാങ്കൂട്ടത്തിൽ (ഐഎൻസി, ചിഹ്നം: കൈ), എം രാജേഷ് ആലത്തൂർ (സ്വതന്ത്രൻ, ചിഹ്നം: ഗ്യാസ് സിലിണ്ടർ), രാഹുൽ ആർ (സ്വതന്ത്രൻ, ചിഹ്നം: എയർ കണ്ടീഷണർ), രാഹുൽ മണലാഴി (സ്വതന്ത്രൻ, ചിഹ്നം: തെങ്ങിൻതോട്ടം), എൻഎസ്‌കെ പുരം ശശികുമാർ (സ്വതന്ത്രൻ, ചിഹ്നം: കരിമ്പുകർഷകൻ), എസ് ശെൽവൻ (സ്വതന്ത്രൻ, ചിഹ്നം: ഓട്ടോറിക്ഷ), ബി ഷമീർ (സ്വതന്ത്രൻ, ചിഹ്നം: ടെലിവിഷൻ), ഇരുപ്പുശേരി സിദ്ദിഖ് (സ്വതന്ത്രൻ, ചിഹ്നം: ബാറ്ററി ടോർച്ച്).

790 ഭിന്നശേഷി 
വോട്ടർമാർ


ഭിന്നശേഷി സൗഹൃദം ഉറപ്പുവരുത്താനായി 184 ബൂത്തുകളും താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. റാംപ് സൗകര്യമുണ്ട്‌. ചലന വൈകല്യമുള്ളവർക്ക് വീൽചെയർ, കാഴ്ച പരിമിതി ഉള്ളവർക്ക്‌ സഹായികൾ, കുടിവെള്ളം, വോട്ടിങ് മെഷീനിൽ ബ്രെയിൻ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. മാത്തൂർ എഎൽപി സ്‌കൂളിലാണ്‌ ഏറ്റവും കൂടുതൽ ഭിന്നശേഷി വോട്ടർമാർ–145.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top