പാലക്കാട് > പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജ വോട്ടർമാരെ ചേർത്തുവെന്ന് തെളിവുകൾ നിരത്തി സിപിഐ എം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഈ മാസം 18 ന് ശക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മണ്ഡലത്തിൽ 2700 ലേറെ വ്യാജ വോട്ടർമാരെയാണ് കോൺഗ്രസും ബിജെപിയും ചേർത്തിട്ടുള്ളത്. പിരായിരി പഞ്ചായത്തിൽ 800 ലേറെ പുതിയ വോട്ടർമാർ ഉണ്ട്. സാധാരണ ഗതിയിൽ വോട്ടർപട്ടികയിൽ പുതുതായി വരുന്ന വോട്ടർമാരുടെ പ്രായം 18-20 ആണ്. പുതുതായി ഒരു സ്ഥലത്തേക്ക് താമസം മാറിവരുന്നവരുടെ വോട്ട് ആ സ്ഥലത്തേക്ക് മാറ്റുമ്പോൾ പ്രായമായവരുടെ പേര് ലിസ്റ്റിൽ ഉൾപ്പെടാറുണ്ട്. പക്ഷെ പിരായിരി പഞ്ചായത്തിൽ മാത്രം ലിസ്റ്റിൽ പുതുതായി ഉൾപ്പെട്ടിട്ടുള്ള 800 ഓളം വോട്ടർമാർ 40 നും 60നും ഇടയിൽ പ്രായമുള്ളവരാണ്. സിപിഐ എം പ്രവർത്തകർ സ്ലിപ്പ് കൊടുക്കാൻ പോകുമ്പോൾ ഇവരെയാരെയും വീടുകളിൽ കാണാനായിട്ടില്ല. മിക്കവരും മറ്റ് മണ്ഡലങ്ങളിൽ ഉള്ളവരാണ്.
ബൂത്ത് 73, ക്രമ. നമ്പർ 431ൽ പേരുള്ള ഹരിദാസ് ബിജെപി ജില്ല പ്രസിഡന്റാണ്. ഇദ്ദേഹം വർഷങ്ങളായി പട്ടാമ്പിയിൽ സ്ഥിരതാമസക്കാരനാണ്. പട്ടാമ്പി അസംബ്ലി മണ്ഡലം ബൂത്ത് നമ്പർ 79ലെ ക്രമ. നമ്പർ 491ൽ അദ്ദേഹത്തിന്റെ പേരുണ്ട്. അതായത് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് പാലക്കാടും പട്ടാമ്പിയിലും വോട്ടറാണ്. ബിജെപി നേതാവും ചാവക്കാട് സ്വദേശിയുമായ ജിതേഷ് ക്രമ. നമ്പർ 430തായി പാലക്കാട് മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നു. ബൂത്ത് നമ്പർ 134 ലെ ക്രമ. നമ്പർ 1434 വോട്ടറായ കോയപ്പ് എന്നയാളുടെ പേര് 135-ാം ബൂത്തിൽ ക്രമ. നമ്പർ 855ലുമുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ അടുത്ത ബന്ധുവാണ് അദ്ദേഹം. 105 ബൂത്തിലെ 786 ക്രമ. നമ്പർ വത്സലക്ക് 66 ബൂത്തിലും വോട്ടുണ്ട്. കണ്ണാടിയിൽ 176ാം ബൂത്തിലെ ക്രമ. നമ്പർ 1538 രമേഷ് മലമ്പുഴ മണ്ഡലത്തിലെ വോട്ടറാണ്.
ബൂത്ത് ലെവൽ ഓഫീസർമാരെ സ്വാധീനിച്ചാണ് ഇത്തരത്തിൽ വ്യാപകമായി വ്യാജവോട്ടുകൾ ചേർത്തിട്ടുള്ളത്. വീട്ടു നമ്പർ പോലും പ്രദർശിപ്പിക്കാതെയാണ് പട്ടികയിൽ പേര് ചേർത്തിയിരിക്കുന്നത്. ഈ വോട്ടർമാർ ബൂത്തിലെത്തുമ്പോൾ റേഷൻകാർഡ് പരിശോധിക്കണം. റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ വോട്ട് ചെയ്തോട്ടെ. അല്ലാത്ത പക്ഷം വ്യാജവോട്ട് ചെയ്യുന്ന ഓരോ വോട്ടർമാർക്കെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകും. തെളിവ് സഹിതമാണ് എൽഡിഎഫ് പറയുന്നതെന്നും കള്ള വോട്ട് ചെയ്യിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..