15 November Friday

വോട്ടർ പട്ടികയിലെ ബിജെപി, യുഡിഎഫ് വ്യാജന്മാർ; പാലക്കാട് ജില്ലാഭരണകൂടം അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

പാലക്കാട് > പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ വ്യാപകമായി വ്യാജവോട്ടർമാരെ ചേർത്തെന്ന പരാതിയിൽ ജില്ലാഭരണകൂടം അന്വേഷണം ആരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി  ഇ എൻ സുരേഷ്ബാബുവിന്റെ പരാതിയിലാണ് കലക്ടർ ഡോ. എസ് ചിത്ര പരിശോധനക്ക് നിർദേശം നൽകിയത്. ബൂത്ത് ലെവൽ ഏജന്റുമാരുടേയും ഓഫീസർമാരുടേയും അടിയന്തരയോഗം വിളിച്ചു. പരാതിയുള്ള വോട്ടർ പട്ടിക തെളിവായി ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ഡലത്തിൽ കോൺ​ഗ്രസും ബിജെപിയും വ്യാപകമായി വ്യാജ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നായിരുന്നു വോട്ടർപട്ടികയിലെ തെളിവുകളടക്കം ചൂണ്ടിക്കാട്ടി സുരേഷ്ബാബു പരാതി നൽകിയത്. ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ഹരിദാസിന് ജില്ലയിൽ രണ്ട് മണ്ഡലത്തിലാണ് വോട്ടുള്ളത്. പാലക്കാട് മണ്ഡലം ബൂത്ത് 73, ക്രമ. നമ്പർ 431ൽ പേരുള്ള ഹരിദാസ്  വർഷങ്ങളായി പട്ടാമ്പിയിൽ സ്ഥിരതാമസക്കാരനാണ്. പട്ടാമ്പി അസംബ്ലി മണ്ഡലം ബൂത്ത് നമ്പർ 79ലെ ക്രമ. നമ്പർ 491ൽ അദ്ദേഹത്തിന്റെ പേരുണ്ട്. ബിജെപി നേതാവും ചാവക്കാട് സ്വദേശിയുമായ ജിതേഷ് ക്രമ. നമ്പർ 430തായി പാലക്കാട് മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നു.

ബൂത്ത് നമ്പർ 134 ലെ ക്രമ. നമ്പർ 1434 വോട്ടറായ കോയപ്പ് എന്നയാളുടെ പേര് 135-ാം ബൂത്തിൽ ക്രമ. നമ്പർ 855ലുമുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ അടുത്ത ബന്ധുവാണ് അദ്ദേഹം. 105 ബൂത്തിലെ 786 ക്രമ. നമ്പർ വത്സലക്ക് 66 ബൂത്തിലും വോട്ടുണ്ട്. കണ്ണാടിയിൽ 176ാം ബൂത്തിലെ ക്രമ. നമ്പർ 1538 രമേഷ് മലമ്പുഴ മണ്ഡലത്തിലെ വോട്ടറാണ്. ഇത്തരത്തിൽ 2700ലധികം വ്യാജവോട്ടുകളാണ് 20 ദിവസത്തിനകം മാത്രം ചേർത്തിട്ടുള്ളത്. വീട്ടു നമ്പർ പോലും പ്രദർശിപ്പിക്കാതെ ബൂത്ത് ലെവൽ ഓഫീസർമാരെ സ്വാധീനിച്ചാണ് ഈ നീക്കമെന്നും അടിയന്തരമായി അന്വേഷണം ഉണ്ടാകാത്ത പക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും സിപിഐ എം അറിയിച്ചിരുന്നു.

നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം പ്രഹസനമാകരുതെന്നും സുരേഷ് ബാബു പറഞ്ഞു. കുറ്റക്കാരായ ബൂത്ത് ലെവൽ ഓഫീസർമാർക്കെതിരെ കർശന നടപടി ഉണ്ടാകണം. ഒരു വ്യാജ വോട്ട് പേലും തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ അനുവദിക്കരുത്. വോട്ടർപട്ടിക പുന‍ഃപരിശോധിച്ച് പുനഃപ്രസിദ്ധീകരിക്കണം. കോൺ​ഗ്രസും ബിജെപിയും ബോധപൂർവമാണ് ഇത്രയേറെ വ്യാജവോട്ടുകൾ ചേർത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആർഎസ്എസ് കാര്യാലയത്തിന്റെ അഡ്രസിൽ 26 പേർക്ക് വോട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്ന് വന്ന് താമസിക്കുന്നവരാണ് ഇവർ. വ്യാജ ഐഡന്റിറ്റി കാർഡും ഇറക്കാൻ സാധ്യതയുണ്ട്. വ്യാജ ഐഡികാർഡിലെ പ്രതികളാണ് യുഡിഎഫ് ക്യാമ്പിലുള്ളത്. വിഷയത്തിൽ കർശന പരിശോധന വേണമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top