പാലക്കാട്
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്–-ബിജെപി ഡീൽ ചർച്ചയാകുമ്പോൾ 53 വർഷംമുമ്പ് എ കെ ജിയെ തോൽപ്പിക്കാൻ സ്വന്തം സ്ഥാനാർഥികളെ പിൻവലിച്ച ചരിത്രമുണ്ട് കോൺഗ്രസിന്. 1971ലെ അഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പിലായിരുന്നു എ കെ ജിയെ തോൽപ്പിക്കാൻ രണ്ട് സ്വന്തം സ്ഥാനാർഥികളെ ഒരുമിച്ച് പിൻവലിച്ച് ബിജെപിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘത്തിന് പിന്തുണ നൽകിയത്.
പാർലമെന്റിൽ ശക്തമായ സാന്നിധ്യവും പ്രതിപക്ഷ നേതാവുമായിരുന്ന എ കെ ജിയെ തോൽപ്പിക്കാൻ കോൺഗ്രസ് തെരഞ്ഞെടുത്ത ആശയമായിരുന്നു സംയുക്ത സ്ഥാനാർഥി. അക്കാലത്ത് ദേശീയതലത്തിൽ കോൺഗ്രസ് രണ്ടായി പിളർന്നിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസും കാമരാജ്, മൊറാർജി ദേശായി എന്നിവരുടെ സംഘടനാ കോൺഗ്രസും. ഇരുകോൺഗ്രസും പാലക്കാട്ട് സ്ഥാനാർഥിയെ നിർത്തി. ഡൽഹി ഡിസിസി പ്രസിഡന്റായിരുന്ന എം രാജഗോപാൽ, പാലക്കാട് ഡിസിസി പ്രസിഡന്റായിരുന്ന ബാലൻ നായർ ഇരുവരും ഔദ്യോഗിക സ്ഥാനാർഥികളാണെന്ന് അവകാശപ്പെട്ടു. ജനസംഘം സ്ഥാനാർഥിയായി ദേവകി അമ്മയും പത്രിക നൽകി. എന്നാൽ എ കെ ജിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തിന് ഇരു കോൺഗ്രസും ജനസംഘവും ഒരുമിച്ചു. ലീഗും ഈ നിലപാടെടുത്തു.
അങ്ങനെ സംയുക്ത സ്ഥാനാർഥിയെ കണ്ടെത്തി, മാങ്കുറുശിയിലെ ജന്മി ടി സി ഗോവിന്ദൻ. സ്ഥാനാർഥിത്വം പിൻവലിച്ച കോൺഗ്രസിലെ എം രാജഗോപാൽ അന്ന് പത്രങ്ങൾക്ക് നൽകിയ പ്രസ്‌താവനയിൽ പറഞ്ഞു: ‘വലത് വർഗീയ ശക്തികളുമായി കൂട്ടുചേർന്ന് സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്‌ക്കുന്നത് കോൺഗ്രസ് ഇതുവരെ പുലർത്തിവന്ന എല്ലാ ആശയങ്ങളോടുമുള്ള അവഹേളനമായിരിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു’. സംഘടനാ കോൺഗ്രസ് നേതാവ് ജഗജീവൻറാം ‘ആരുമായും കൂട്ടുകൂടുന്നതിൽ തെറ്റില്ലെന്ന്’ പ്രഖ്യാപിച്ചതോടെ സഖ്യം ഔദ്യോഗികമായി. ജനസംഘം സ്ഥാനാർഥി ദേവകി അമ്മയും പത്രിക പിൻവലിച്ചതോടെ എ കെ ജി, ടി സി ഗോവിന്ദൻ, ഡിഎംകെയിലെ വി പി പുരുഷോത്തമൻ എന്നിവർ മാത്രമായി സ്ഥാനാർഥികൾ. ടി സി ഗോവിന്ദൻ ജനസംഘമല്ലെന്ന് കോൺഗ്രസ് വാദിച്ചു. എന്നാൽ 1970ലെ ഇടക്കാല നിയസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നുവെന്ന് അന്ന് ജനസംഘം സംസ്ഥാന പ്രസിഡന്റായിരുന്ന ഒ രാജഗോപാൽ വെളിപ്പെടുത്തിയതോടെ കോൺഗ്രസിന്റെ വാദം പൊളിഞ്ഞു. തെരഞ്ഞെടുപ്പിൽ 57 ശതമാനം വോട്ട് നേടി എ കെ ജി വിജയിച്ചു. ഭൂരിപക്ഷം: 52,226. ഇന്ന് ഡോ. സരിൻ ഉയർത്തിയ കോൺഗ്രസ്–- ബിജെപി ഡീലിന് 53 വർഷം മുമ്പുള്ള സാക്ഷ്യപ്പെടുത്തൽ.
1960ൽ പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ ഇ എം എസിനെ തോൽപ്പിക്കാൻ ജനസംഘം സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസിന് പിന്തുണ നൽകിയാണ് കേരളത്തിൽ മുക്കൂട്ടുമുന്നണിക്ക് തുടക്കംകുറിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..