തിരുവനന്തപുരം
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർഥിയായി നിർദേശിച്ച ഡിസിസിയുടെ കത്ത് പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസിൽ കലാപക്കൊടി. പാർടിയെ മുഖവിലയ്‌ക്കെടുക്കാതെ വി ഡി സതീശൻ നടത്തുന്ന ഒറ്റയാൻപോക്കിൽ മുതിർന്ന നേതാക്കൾ കടുത്ത അമർഷത്തിൽ. കെ സുധാകരനും കെ മുരളീധരനും അടക്കം പരോക്ഷമായി അതൃപ്‌തി പരസ്യമായി തന്നെ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കലഹം രൂക്ഷമാകുമെന്ന സൂചനയും ഇവർ നൽകിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുൾപ്പെടെ പരസ്യമായി രംഗത്തുവന്നേക്കുമെന്ന് സൂചന.
പാർടി പ്രവർത്തകരുടെയും യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം കേട്ടശേഷമാണ് കെ മുരളീധരനെ സ്ഥാനാർഥിയാക്കാൻ ഡിസിസി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. ഡിസിസിയുടെ നിർദേശമറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ദീപദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, വി ഡി സതീശൻ എന്നിവർക്ക് കത്തുനൽകിയത് പ്രസിഡന്റ് എ തങ്കപ്പനാണ്.
കെപിസിസി പ്രസിഡന്റിനെപ്പോലും മുഖവിലയ്‌ക്കെടുക്കാതെയാണ് ഷാഫി പറമ്പിലുമായി ചേർന്ന് വി ഡി സതീശൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി നിശ്‌ചയിച്ചത്. പാർടിയെ ഒന്നടങ്കം ഇരുട്ടിൽനിർത്തിയുള്ള നീക്കത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കടക്കം അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി പി സരിനെ പ്രശംസിച്ച് ശശി തരൂർ എംപി പരസ്യമായി രംഗത്തുവന്നതും മുതിർന്ന നേതാക്കളുടെ മനസ്സറിഞ്ഞാണ്. ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നത് കോൺഗ്രസിൽ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. കത്ത് പുറത്തുവന്നത് ഗൗരവമായ വിഷയമാണെന്നും വിശദമായി അന്വേഷിച്ച് നടപടിയുണ്ടാകുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
ഡിസിസി കത്തിന്റെ കാര്യം നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും കത്ത് എങ്ങനെ പുറത്തായെന്ന് അറിയില്ലെന്നുമാണ് കെ മുരളീധരന്റെ പ്രതികരണം. കത്തു പുറത്തുവന്നതിനു പിന്നിൽ ആരാണെന്ന് അറിയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..