പാലക്കാട്
ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി എഐസിസിക്ക് നൽകിയ കത്ത് വലിയ ചർച്ചയായിട്ടും വാർത്ത കണ്ടില്ലെന്ന് നടിച്ച് മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള പത്രങ്ങൾ. കേരളം സജീവമായി ചർച്ചചെയ്യുന്ന കത്തിന്റെ പൂർണരൂപം പുറത്തുവന്നതോടെ കോൺഗ്രസും യുഡിഎഫും പ്രതിസന്ധിയിലായി.
കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നം അതിരൂക്ഷമാകുന്നതിന്റെ തെളിവായി കത്ത് മാറിയിട്ടും ചർച്ചചെയ്യാൻ ഒരു വാർത്താചാനലും തയ്യാറായില്ല. കത്ത് പുറത്തുവന്ന ദിവസം നിസാര പ്രശ്‌നമായി കാണിക്കാനായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ. അടുത്തദിവസം നേതാക്കളുടെ ഒപ്പ് സഹിതം പുറത്തുവന്നപ്പോൾ വാർത്തയാക്കാൻ മാധ്യമങ്ങൾ മടിച്ചു.
ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, വി കെ ശ്രീകണ്‌ഠൻ എംപി, മുതിർന്ന നേതാവ് വി എസ് വിജയരാഘവൻ ഉൾപ്പെടെ എട്ട് നേതാക്കളാണ് കത്തിൽ ഒപ്പിട്ടത്. കോൺഗ്രസിൽ അതിരൂക്ഷമാകുന്ന ആഭ്യന്തര പ്രശ്‌നം കണ്ടില്ലെന്ന് നടിക്കാനും മുക്കാനും ബോധപൂർവം ശ്രമിച്ചു. കത്ത് വിവാദത്തിൽ പുകയുന്ന കോൺഗ്രസിനെ രക്ഷിക്കാൻ ബിജെപി രംഗത്തുവന്നതും ശ്രദ്ധേയം.
1991ൽ അന്നത്തെ നഗരസഭാ ചെയർമാൻ ബിജെപിക്ക് നൽകിയെന്നുപറയുന്ന കത്തിനെ ആയുധമാക്കി വാർത്ത നൽകി. 33 വർഷംമുമ്പ് കൊടുത്ത കത്തിനെയും ഒരാഴ്ച മുമ്പ് എഐസിസിക്ക് ഡിസിസി നൽകിയ കത്തിനെയും ഒരേ തുലാസിൽ തൂക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്.
മാധ്യമങ്ങളെ
ബഹിഷ്‌കരിച്ച്
യുഡിഎഫ്
സ്ഥാനാർഥി
ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നതോടെ മാധ്യമങ്ങളോട് മിണ്ടാതെ യുഡിഎഫ് സ്ഥാനാർഥി ഒളിച്ചോടി. ഷാഫി പറമ്പിലും വി ഡി സതീശനും പ്രതികരണം അവസാനിപ്പിക്കാൻ നിർദേശിച്ചതിനെ തുടർന്നാണിതെന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..