പാലക്കാട്
ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന ഡിസിസിയുടെ കത്ത് പുറത്തുവിട്ടത് ബിജെപിയുമായി ധാരണയുണ്ടാക്കിയതറിഞ്ഞ കോൺഗ്രസിലെ അസംതൃപ്‌തർ. സ്ഥാനാർഥി നിർണയത്തിൽ ജില്ലാ നേതൃത്വത്തെ തള്ളി വി ഡി സതീശനും ഷാഫിയും തീരുമാനം അടിച്ചേൽപ്പിച്ചതോടെ ഒരുവിഭാഗം കടുത്ത അസംതൃപ്‌തിയിലാണ്. സ്ഥാനാർഥിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് എഐസിസി ഭാരവാഹികൾക്ക് ഡിസിസി നൽകിയ കത്ത് പുറത്തുവന്നതും ഇതിന്റെ ഭാഗമാണ്.
സംഘപരിവാർ വിരുദ്ധ മനസ്സുള്ള പരമ്പരാഗത കോൺഗ്രസ് നേതാക്കളുടെ വികാരം കണക്കിലെടുക്കാതെ ബിജെപിയെ സഹായിക്കാനുള്ള സതീശൻ–- ഷാഫി കോക്കസിന്റെ നീക്കം പാലക്കാട്ട് തുടക്കത്തിലേ പുകഞ്ഞു. ബിജെപിയെ പരോക്ഷമായി സഹായിക്കാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയായതോടെ രൂപംകൊണ്ടത്. ഈ ഗൂഢാലോചന തിരിച്ചറിഞ്ഞ ജില്ലാ നേതൃത്വത്തിലെ ചിലർ അന്നുതന്നെ ചതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അങ്ങനെ ഒരു ഡീൽ ഇല്ലെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകുന്ന പാനലിൽനിന്നാകും സ്ഥാനാർഥിയെ നിശ്‌ചയിക്കുകയെന്നും ഉറപ്പുനൽകി. തെരഞ്ഞെടുപ്പ് അറിയിപ്പുവന്ന ദിവസം ധൃതികൂട്ടി രാത്രിതന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനുപിന്നിൽ എതിർശബ്ദം ഇല്ലാതാക്കുക എന്ന തന്ത്രമായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മറികടന്ന് സംസ്ഥാന കോൺഗ്രസിന്റെ തീരുമാനം എന്ന നിലയിൽ അടിച്ചേൽപ്പിച്ചത് സതീശൻ–- ഷാഫി ടീമാണെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.
ബിജെപിയുമായുള്ള ധാരണയിൽ ഇവർക്ക് മാത്രമാണ് താൽപ്പര്യമെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ആദ്യം വിശ്വസിച്ചത്. എന്നാൽ എഐസിസിക്കും ഇതിൽ പങ്കുണ്ടെന്ന് കണ്ടതോടെ കത്ത് പുറത്തുവിട്ട് പ്രതിഷേധം അറിയിക്കുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പാലക്കാട്ടെ മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണെന്ന് പ്രഖ്യാപിച്ചത് ഡീൽ ഉറപ്പിച്ചതിന്റെ തെളിവാണെന്ന് ഒരുവിഭാഗം നേതാക്കൾ പറഞ്ഞു. മുരളീധരനെ ഒതുക്കുക, രാഹുലിനെ പരാജയപ്പെടുത്തുക, ബിജെപിക്ക് നൽകിയ ഉറപ്പ് പാലിക്കുക എന്നിവയാണ് കോൺഗ്രസിലെ ‘ഡീലർ’മാർ നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..