21 December Saturday

പാലക്കാട് ഹോട്ടലിലെ പരിശോധന; സിപിഐ എം നേതാക്കളുടെ മുറിയും പരിശോധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

പാലക്കാട് > പാലക്കാട്‌ കെപിഎം റീജൻസ് ഹോട്ടലിൽ പരിശോധനക്കെത്തിയ പൊലീസ് സംഘം സിപിഐഎം നേതാക്കളുടെ മുറിയും പരിശോധിച്ചു. സിപിഐെം നേതാക്കളായ ടി വി രാജേഷ്, വിജിൻ, മാധ്യമപ്രവർത്തകനായ എം വി നികേഷ് കുമാർ എന്നിവരടക്കം അന്വേഷണത്തോട് പൂർണമായും സഹകരിച്ചപ്പോൾ കോൺ​ഗ്രസ് സംഘർഷാവസ്ഥ ഉണ്ടാക്കി അന്വേഷണം അട്ടിമറിച്ചു.

അർധ രാത്രി പൊലീസ് എത്തി തന്റെ മുറി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ അതിനോട് സഹകരിച്ചെന്ന് സിപിഐ എം സംസ്ഥാന കമ്മറ്റിയം​ഗം ടി വി രാജേഷ് പറഞ്ഞു. മുറിക്ക് പുറത്ത് ആരുമുണ്ടായിരുന്നില്ല. സ്വാഭാവികമായൊരു പരിശോധനയുടെ ഭാ​ഗമായിരുന്നു അതെന്നാണ് മനസിലാക്കിയത്. പൊലീസ് തങ്ങളുടെ ജോലി പൂർത്തിയാക്കി മടങ്ങി. പിന്നീട് ബഹളം കേട്ടപ്പോഴാണ് പുറത്തേക്കിറങ്ങിയത്.  തന്റെ മുറിയിൽ പരിശോധന നടത്തിയപ്പോൾ തനിക്കൊന്നും ഒളിക്കാനില്ലാത്തതു കൊണ്ടാണ് നേതാക്കളെയും മാധ്യമ പ്രവർത്തകരെയും വിളിച്ചു കൂട്ടാതിരുന്നത്. മുൻപ് പല തെരഞ്ഞെടുപ്പിന്റെയും ഭാ​ഗമായി തന്റെ വാഹനമടക്കം പൊലീസ് പരിശോധിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും താനടക്കമുള്ളവർ ഇത്തരം നാടകങ്ങൾ‌ക്ക് മുതിർന്നിട്ടില്ല. കോൺ​ഗ്രസ് നേതാക്കൾ പൊലീസിനെ തടഞ്ഞ് സീനുണ്ടാക്കിയതിന്റെ മറവിൽ മറ്റെന്തെങ്കിലും നടന്നോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും ടി വി രാജേഷ് പറഞ്ഞു.  

തന്റെ മുറിയിലും പൊലീസ് പരിശോധന നടത്തിയെന്നും പരിശോധനയോട് പൂർണമായും സഹകരിച്ചുവെന്നും മാധ്യമപ്രവർത്തകൻ എം വി നികേഷ്കുമാർ പറഞ്ഞു. പൊലീസ് പരിശോധനക്കെത്തുമ്പോൾ ആരു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരയാണ് പരിശോധന എന്നൊന്നും അറിയുമായിരുന്നില്ല. പൊലീസ് ഉദ്യോ​ഗസ്ഥർ മുറി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സമയത്ത് അതിനോട് സഹകരിക്കുന്നു, അവർ ജോലി ചെയ്തിട്ട് പോകുന്നു. പേടിക്കാനൊന്നുമില്ലെങ്കിൽ ആശങ്കപ്പെടുന്നതും ബഹളംവച്ച് ആളെക്കൂട്ടുന്നതും സംഘർഷം സൃഷ്ടിക്കുന്നതുമൊക്കെ എന്തിനാണ്. ചിലയാളുകൾക്ക് എന്തു കൊണ്ടാണിത് നമുക്കെതിരാണ് എന്ന് തോന്നുന്നത്. തനിക്കും ടി വി രാജേഷിനും വിജിനും ഉൾപ്പെടെ സിപിഐഎംമ്മിന്റെ ഭാ​ഗമായി ആ ഹോട്ടലിൽ താമസിച്ച ആർക്കും പരിശോധന തങ്ങൾക്കെതിരാണ് എന്ന് തോന്നാതിരുന്നത് എന്തുകൊണ്ടാമെന്നും എം വി നികേഷ് കുമാർ ചോദിച്ചു.

കള്ളപ്പണം എത്തിയെന്ന സംശയത്തെ തുടർന്ന് ഇന്നലെ രാത്രി 12നാണ് പാലക്കാട്‌ നഗരമധ്യത്തിലെ കെപിഎം  റീജൻസിയിൽ പൊലീസ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയിരുന്നു. ഷാനിമോൾ ഉസ്മാന്റെ മുറിയിൽ പരിശോധന നടത്താൻ പൊലീസ് എത്തിയപ്പോഴായിരുന്നു കോൺ​ഗ്രസ് നേതാക്കളടക്കമുള്ളവർ ഹോട്ടലിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. അതിനു മുൻപ് ബിന്ദു കൃഷ്ണ അടക്കമുള്ളവരുടെ മുറി പരിശോധിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ടിട്ടും ഷാനിമോൾ ഉസ്മാൻ മുറി തുറന്നില്ല. വനിതാ പൊലീസ്‌ ഇല്ലെന്ന കാരണം ഉന്നയിച്ചായിരുന്നു ആദ്യം മുറി തുറക്കാതിരുന്നത്. പിന്നീട്‌ വനിതാ പൊലീസ്‌ എത്തിയപ്പോൾ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമിച്ചു. ഇതിനുശേഷം കോൺഗ്രസുകാർ സംഘടിച്ചെത്തി പൊലീസിനെയും മാധ്യമപ്രവർത്തകരെയും തടയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിനെല്ലാം ശേഷമാണ് ഷാനിമോൾ ഉസ്മാൻ തന്റെ മുറി പരിശോധിക്കാൻ പൊലീസിനെ അനുവദിച്ചത്. പരിശോധനക്ക്‌ പൊലീസ്‌ എത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌ എംപിമാരായ ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ എന്നിവർ ഹോട്ടലിൽനിന്ന് പുറത്തേക്കുപോയത്‌. ഇതിന്റെ ദൃശ്യങ്ങൾ വാർത്താചാനലുകൾ പുറത്തുവിട്ടു. പിന്നീട്‌ 1.20ന്‌ ഇവർ തിരിച്ചെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top