09 September Monday

പാലക്കാട്‌ നടക്കാവ്‌ മേൽപ്പാലം; നിർമാണം വൈകിപ്പിക്കുന്നത്‌ റെയിൽവേ

സ്വന്തം ലേഖകൻUpdated: Monday Jul 24, 2023
പാലക്കാട്‌ > നടക്കാവ്‌ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നത്‌ റെയിൽവേയുടെ അനാസ്ഥമൂലം. സംസ്ഥാന സർക്കാർ കിഫ്‌ബിയിൽനിന്ന്‌ ഫണ്ട്‌ അനുവദിച്ചിട്ടും റെയിൽവേ മെല്ലെപ്പോക്ക്‌ നയം തുടരുകയാണ്‌. പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്‌റ്റേഷൻ അടുത്തായതിനാൽ ഷണ്ടിങ്‌ നടക്കുമ്പോൾ മണിക്കൂറുകളോളം റെയിൽവേ ഗേറ്റ്‌ അടച്ചിടുന്നത്‌ പതിവാണ്‌. ഇവിടെ മേൽപ്പാലം പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിനോട്‌ കേന്ദ്രം മുഖംതിരിച്ചതോടെയാണ്‌ സംസ്ഥാന സർക്കാർ കിഫ്‌ബി ഫണ്ടിൽനിന്ന്‌ തുക അനുവദിച്ചത്‌. 
ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിലാണ്‌ 38 കോടി അനുവദിച്ചത്‌.
 
38 കുടുംബം സ്ഥലം വിട്ടുനൽകണമായിരുന്നു. കോൺഗ്രസും ബിജെപിയും നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വികസനം മുടക്കാൻ സ്ഥലവാസികളിൽ ചിലരെ ഉപയോഗിച്ച്‌ കേസാക്കിയതോടെ മുന്നോട്ടുപോക്ക്‌ തടസ്സമായി. അന്നത്തെ എംഎൽഎ വി എസ് അച്യുതാനന്ദന്റെ ഇടപെടലിലൂടെ ഉയർന്ന നഷ്ടപരിഹാരം നൽകിയാണ്‌ ഭൂമി ഏറ്റെടുത്തത്‌. 2021ലാണ്‌ നിർമാണം ആരംഭിച്ചത്‌.
 
പാളത്തിന്റെ ഇരുവശത്തുമുള്ള ഓവർബ്രിഡ്‌ജ്‌ നിർമാണം സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ട്‌ ഒന്നരവർഷം പിന്നിട്ടു. ഇവയെ ബന്ധിപ്പിക്കുന്ന പാലം നിർമിക്കാനായി 11.63 കോടി റെയിൽവേയിൽ കെട്ടിവച്ചു. എന്നിട്ടും റെയിൽവേ അനങ്ങാപ്പാറ നയം തുടരുകയാണ്‌. 
 
എല്ലാ ഘട്ടങ്ങളിലും 
ഇടപെട്ടു
 
നടക്കാവ് മേൽപ്പാലത്തിന്റെ നിർമാണഘട്ടങ്ങളിലെല്ലാം ഇടപെട്ടു. റെയിൽവേയുടെ ഭാഗത്തെ പണി നീണ്ടപ്പോൾ പലതവണ റെയിൽവേ ഡിവിഷണൽ മാനേജരെ കണ്ട് ഇടപെടലുകൾ നടത്തി. കല്ലേക്കുളങ്ങരയിൽനിന്ന് ഗേറ്റ് വരെയുള്ള റോഡ് മഴ പെയ്‌തപ്പോൾ ചെളിയായി. കരാറുകാരെ വരുത്തി താൽക്കാലിക സംവിധാനമെന്ന നിലയ്‌ക്ക് ഇപ്പോൾ ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡ് ക്വാറി വേസ്റ്റ് നിരത്തി സഞ്ചാരയോഗ്യമാക്കി -എ പ്രഭാകരൻ എംഎൽഎ
 
കുലുങ്ങാതെ എംപി
 
റെയിൽവേയുടെ അനാസ്ഥമൂലം നടക്കാവ്‌ മേൽപ്പാലത്തിന്റെ നിർമാണം വൈകുമ്പോഴും റെയിൽവേക്കെതിരെ മിണ്ടാട്ടമില്ലാതെ വി കെ ശ്രീകണ്‌ഠൻ എംപി. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച എംപി വിമർശിച്ചത്‌ മുഴുവൻ സംസ്ഥാന സർക്കാരിനെയാണ്‌. 
റെയിൽവേ വൈകിപ്പിച്ചാലും കുറ്റം സംസ്ഥാന സർക്കാരിനെന്നാണ്‌ എംപി പറയുന്നത്‌. എന്നാൽ പാലം നിർമാണം വേഗത്തിലാക്കാൻ റെയിൽവേയിലോ കേന്ദ്രത്തിലോ സമ്മർദം ചെലുത്താൻ എംപിക്ക്‌ സമയമില്ല. വേഗനടപടിക്കായി ഇടപെട്ടിട്ടുമില്ല. കഴിയുന്നിടത്തെല്ലാം തുരങ്കംവച്ചിട്ടുമുണ്ട്‌. രാജ്യത്ത്‌ എംപി ഫണ്ട്‌ ഏറ്റവും കുറച്ച്‌ വിനിയോഗിച്ചുവെന്ന റെക്കോഡുള്ള ഇത്തരമൊരു എംപി എന്തിനെന്നാണ്‌ നാട്ടുകാരുടെ ചോദ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top