08 September Sunday
മംഗളൂരു മേഖലയ്ക്കായി ഏക റെയിൽവേ സോൺ
 ആസൂത്രണം ചെയ്യാൻ കേന്ദ്രനിർദേശം

പാലക്കാട്‌ റെയിൽവേ ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കും ; കേരളത്തിന്റെ റെയിൽവേ വികസനത്തെ
 പിന്നോട്ടടിക്കുന്ന നീക്കം

അനീഷ്‌ ബാലൻUpdated: Wednesday Jul 17, 2024


മംഗളൂരു
പാലക്കാട്‌ റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാൻ പ്രധാന വരുമാന സ്രോതസ്സായ മംഗളൂരു സ്‌റ്റേഷനെ അടിർത്തിമാറ്റാൻ ഗൂഢശ്രമം.  മംഗളൂരു ഉൾപ്പെടുത്തി പുതിയ ഡിവിഷനോ, പാലക്കാടുനിന്ന്‌ മറ്റൊരു ഡിവിഷനിലേക്ക്‌ പറിച്ചുമാറ്റലോ ലക്ഷ്യംവച്ചാണ്‌ നീക്കം. കർണാടത്തിൽനിന്നുള്ള കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച മംഗളൂരുവിൽ ചേർന്നയോഗം അതിനുള്ള നിർദേശം നൽകി. മംഗളൂരു മേഖലയ്ക്കായി ഏക റെയിൽവേ സോൺ ഭരണം ആസൂത്രണം ചെയ്‌ത്‌ രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ മന്ത്രി നിര്‍ദേശം നല്‍കി. കർണാടകത്തിലെ തീരദേശ റെയിൽവേ യാത്ര പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും യോഗത്തിലാണിത്.

സതേൺ റെയിൽവേ, സൗത്ത്‌ വെസ്‌റ്റേൺ റെയിൽവേ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ എന്നിങ്ങനെ മൂന്ന്‌ സോണുകളുടെ കീഴിലായതിനാൽ മംഗളൂരു മേഖലയുടെ റെയിൽവേ വികസനം തടസപ്പെടുകയാണെന്ന വിചിത്രവാദം യോഗത്തിൽ ബിജെപി എംപി ബ്രിജേഷ്‌ ചൗട്ട ഉന്നയിച്ചു. അതിനോട്‌ യോജിക്കുന്നതായും മൂന്ന്‌ സോൺ മേധാവികളും ചേർന്ന്‌ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന്‌ ശുപാർശ നൽകുമെന്നും സോമണ്ണ പറഞ്ഞു.

 

പാലക്കാട്‌ ഡിവിഷനെ ഇല്ലാതാക്കാൻ ദീർഘകാലമായി ബിജെപി നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയിലാണ്‌ നടപടി. മംഗളൂരു, കോയമ്പത്തൂർ ഡിവിഷനുകൾ രൂപീകരിക്കാനാണ്‌ പദ്ധതി. കേരളമുയർത്തുന്ന കടുത്ത ചെറുത്തുനിൽപ്പുകാരണമാണ്‌ ഇതുവരെ നടക്കാതിരുന്നത്‌. 2007ൽ പാലക്കാട്‌ ഡിവിഷനെ വിഭജിച്ചാണ്‌ സേലം ഡിവിഷൻ രൂപികരിച്ചത്‌. പാലക്കാട്‌ ഡിവിഷൻ ഇല്ലാതാകുന്നത്‌ കേരളത്തിന്റെ റെയിൽവെ വികസനത്തിന്‌ കനത്ത തിരിച്ചടിയാകും. സതേൺ റെയിൽവെ ജനറൽ മാനേജർ ആർ എൻ സിങ്‌, സൗത്ത്‌ വെസ്‌റ്റേൺ ജനറൽ മാനേജർ അരവിന്ദ് ശ്രീവാസ്തവ, കൊങ്കൺ റെയിൽവേ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ സന്തോഷ് കുമാർ ഝാ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


കേരളത്തെ തെറ്റിദ്ധരിപ്പിച്ച്‌ റെയിൽവേ
മംഗളൂരു ഡിവിഷൻ രൂപീകരിക്കുകയോ ഈ മേഖല കേരളത്തിന്‌ പുറത്തുള്ള മറ്റൊരു ഡിവിഷനിലേക്ക്‌ മാറ്റുകയോ ചെയ്യുന്നതിന്‌ ഔദ്യോഗിക നടപടികൾ തുടങ്ങിയതോടെ ദക്ഷിണ റെയിൽവേ  നിഷേധിക്കുന്നത്‌ മെയ്‌ 13 ന്‌ ഇറക്കിയ വാർത്താകുറിപ്പ്‌. പാലക്കാട്‌ ഡിവിഷൻ പൂട്ടുന്നുവെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്നും അങ്ങനെയൊരു നീക്കമില്ലെന്നും റെയിൽവേ അറിയിച്ചിരുന്നു. പാലക്കാട്‌ ഡിവിഷനിലെ പ്രധാനഭാഗം ഉൾപ്പെടുത്തിയാലേ മംഗളൂരു ഡിവിഷൻ രൂപീകരിക്കാനാവുകയുള്ളു, മംഗളൂരു മറ്റൊരു ഡിവിഷനിലേക്ക്‌ മാറ്റിയാലും പാലക്കാട്‌ ഡിവിഷനെ ദോഷകരമായി ബാധിക്കും. പാലക്കാട്‌ ഡിവിഷനിലെ ഏറ്റവും വരുമാനമുള്ള സ്‌റ്റേഷനുകളിലൊന്നാണ്‌ മംഗളൂരു. കേരളത്തിലുള്ള ഡിവിഷനു കീഴിൽനിന്ന്‌ മംഗളൂരുവിനെ മാറ്റണമെന്നത്‌ ബിജെപിയുടെ അജൻഡയുമാണ്‌.
സംസ്ഥാന സർക്കാരും വിവിധ സംഘടനകളും റെയിൽവേയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയപ്പോഴാണ്‌ വാർത്ത നിഷേധിച്ച്‌ റെയിൽവേ രംഗത്തെത്തിയത്‌. പാലക്കാട്‌ ഡിവിഷനെ ബാധിക്കുന്ന ഒരു തീരുമാനവുമുണ്ടാകില്ലെന്നും അത്തരം വാർത്തകളെല്ലാം കെട്ടുകഥകൾ ആണെന്നുമായിരുന്നു റെയിൽവെയുടെ വിശദീകരണം.

റെയിൽ മന്ത്രി വി സോമണ്ണയുടെ മുൻകൈയിൽ ബുധനാഴ്‌ച മംഗളൂരുവിൽ ചേർന്ന യോഗത്തിൽ പ്രധാനപ്പെട്ട ഒരജണ്ട മംഗളൂരു റെയിൽ മേഖലയുടെ വികസനം ആയിരുന്നു. ഒന്നുകിൽ പുതിയ ഡിവിഷൻ അല്ലെങ്കിൽ പാലക്കാടുനിന്ന്‌ മറ്റൊരു ഡിവിഷനിലേക്ക്‌ മാറ്റൽ എന്നാണ്‌ ധാരണ. ഈയാഴ്‌ച അന്തിമ തീരുമാനമുണ്ടായേക്കും.
വരുമാനത്തിന്റെ പേരിൽ കോയമ്പത്തൂർ കേന്ദ്രമാക്കിയും മംഗലാപുരം കേന്ദ്രമാക്കിയും ഡിവിഷൻ രൂപീകരണമെന്ന ആശയം വളരെ നേരത്തെയുള്ളതാണ്‌. പാലക്കാടുനിന്ന്‌ 588 കി.മീ. ലൈൻ കൂട്ടിച്ചേർത്ത്‌ സേലം ഡിവിഷൻ രൂപീകരിക്കാൻ ശ്രമം നടന്നപ്പോഴും അതുസംബന്ധിച്ച വാർത്തകൾ ആദ്യം റെയിൽവെ കേന്ദ്രങ്ങൾ നിഷേധിച്ചിരുന്നു, താമസിയാതെ ഡിവിഷൻ പ്രഖ്യാപനം വരികയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top