പാലക്കാട്
ഓരോ കള്ളവും പൊളിയുമ്പോൾ അത് മറയ്‌ക്കാൻ മറ്റൊരു കള്ളം പറയുകയാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘ഒരു കിലോമീറ്റർ ദൂരത്തിനിടയിൽ മൂന്ന് വാഹനം മാറിക്കയറിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത് ആരാണ് വിശ്വസിക്കുക. ആ കള്ളം പൊളിയും. പാലക്കാട്ട് കള്ളപ്പണം എത്തിയിട്ടുണ്ട്. കൊടകര കുഴൽപ്പണത്തിന്റെ ഒരുപങ്കാണ് പാലക്കാട്ട് എത്തിയത്. ഷാഫി പറമ്പിലിന് കൊടകര കുഴൽപ്പണക്കേസിലെ മുഖ്യസാക്ഷി ധർമരാജൻ നാല് കോടി രൂപ നൽകിയെന്ന് പറഞ്ഞത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ്. ഇക്കാര്യം ഇതുവരെ നിഷേധിക്കാൻ ഷാഫി തയ്യാറായിട്ടില്ല. എന്തുകൊണ്ട് നിഷേധിക്കുന്നില്ല. അതിനർഥം കള്ളപ്പണം കിട്ടിയെന്നല്ലേ.
കള്ളപ്പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കള്ളപ്പണം വിഷയത്തിൽ മുഖംനഷ്ടപ്പെട്ട കോൺഗ്രസിനെ വെളുപ്പിക്കാൻ മനോരമപത്രം നടത്തുന്ന ശ്രമം ആരെയും അത്ഭുതപ്പെടുത്തും. യുഡിഎഫിന്റെ നോട്ടീസായി മനോരമ തരംതാഴ്‌ന്നു. ഒരുപത്രം ഇത്രയ്‌ക്ക് തരംതാഴാൻ പാടില്ല. സംസ്ഥാന സെക്രട്ടറി പറയുന്നതുതന്നെയാണ് പാർടി നിലപാട്’’–- സുരേഷ്‌ബാബു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..