21 November Thursday

പാലാരിവട്ടം മേൽപ്പാലം ; തെറ്റായ വാദവുമായി കരിമ്പട്ടികയിലായ നിർമാണക്കമ്പനി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024


ന്യൂഡൽഹി
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടുകളെ തുടർന്ന്‌  കരിമ്പട്ടികയിലായ കമ്പനി അടിസ്ഥാനരഹിതമായ അവകാശവാദവുമായി രംഗത്ത്‌. പാലത്തിലെ ക്രമക്കേടുകൾ പുറത്തുവന്നശേഷവും കേരളാസർക്കാർ നിരവധി പദ്ധതികൾ നൽകിയിട്ടുണ്ടെന്നാണ്‌  ‘ആർഡിഎസ്‌ പ്രൊജക്‌റ്റ്‌സ്‌’ എന്ന കമ്പനി സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാങ്‌മൂലത്തിൽ അവകാശപ്പെടുന്നത്. തികച്ചും തെറ്റായ അവകാശവാദമാണ്‌ കമ്പനിയുടേത്.

2023 ജൂൺ 27നാണ്‌ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്‌. അഞ്ച്‌ വർഷം സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്ന്‌ കമ്പനിയെ അയോഗ്യരാക്കി. ഈ നടപടികൾക്ക്‌ മുമ്പ്‌ നൽകിയ പദ്ധതികളെ ക്രമക്കേടുകൾ കണ്ടെത്തിയശേഷം നൽകിയ പദ്ധതികളായി ചിത്രീകരിച്ചിരിക്കുകയാണ് കമ്പനി.
2023 ഫെബ്രുവരിവരെ സംസ്ഥാനസർക്കാർ തങ്ങൾക്ക്‌ പദ്ധതി നൽകിയിട്ടുണ്ടെന്നാണ്‌ സത്യവാങ്‌മൂലത്തിന്‌ ഒപ്പം നൽകിയിട്ടുള്ള അനുബന്ധരേഖകളിൽ പറയുന്നത്‌.

കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്‌ മുമ്പ്‌, എ ക്ലാസ്‌ ലൈസൻസുള്ള സമയത്താണ്‌ ഈ പദ്ധതികൾ കമ്പനിക്ക്‌ ലഭിച്ചത്‌. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയശേഷം കമ്പനിക്ക്‌ ഒരു പദ്ധതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, അടിസ്ഥാനരഹിതമായ അവകാശവാദമാണ്‌ കമ്പനി കോടതി മുമ്പാകെ ഉന്നയിച്ചിട്ടുള്ളതെന്ന വിവരം സംസ്ഥാനസർക്കാർ സുപ്രീംകോടതി മുമ്പാകെ ചൂണ്ടിക്കാട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top