ശബരിമല> പമ്പയിൽ ഏഴായിരത്തോളം തീർഥാടകർക്ക് വിരിവയ്ക്കാന്‍ സൗകര്യങ്ങൾ ഒരുങ്ങുന്നു. നിലവിൽ രണ്ട് പന്തലിൽ ആയിരത്തി ഇരുന്നൂറോളം പേർക്ക് വിരിവയ്‌ക്കാനാണ് സൗകര്യം ഉള്ളത്. ഇതിനുപുറമേ നാല് നടപ്പന്തൽകൂടി താൽക്കാലികമായി നിർമിക്കും.
ഇതിന്റെ നിര്‍മാണം ആരംഭിച്ചു. പമ്പയിൽ നിലവിലെ ഹോട്ടലിന് മുൻവശത്തുകൂടി നീളത്തിലാകും പന്തൽ നിർമാണം. അതോടൊപ്പം രാമമൂർത്തി മണ്ഡപത്തിന് സമാന്തരമായി ഹാങ്ങിങ് പന്തലും സജ്ജമാക്കും.
കഴിഞ്ഞ സീസൺകാലത്ത് പമ്പയിലെ തിരക്ക് പരിഗണിച്ചാണ് മഴയും വെയിലും ഏൽക്കാത്ത വിധത്തിൽ വിരിവയ്ക്കാനും വിശ്രമത്തിനും കൂടുതല്‍ സൗകര്യമൊരുക്കുന്നത്.
പന്തൽ നിർമാണം സീസൺ തുടങ്ങുന്നതിന് മുമ്പുതന്നെ തീരും. പമ്പ ഗസ്റ്റ് ഹൗസ് നവീകരണ നടപടികളും അതിവേഗം പുരോഗമിക്കുന്നു. കാല്‍നൂറ്റാണ്ടിന് ശേഷമാണ് ഗസ്റ്റ്ഹൗസിന്റെ നവീകരണ ജോലിനടക്കുന്നത്. മലകയറാൻ പറ്റാതെവരുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനുള്ള സൗകര്യം പമ്പയില്‍ നിലവില്‍ പരിമിതമാണ്.
ഇത് കണക്കിലെടുത്ത് പമ്പയിൽ പൊലീസ് പരിശോധന നടക്കുന്നതിന് സമീപത്ത് കെട്ടിടത്തിനുമുകളിൽ ശുചിമുറി സൗകര്യത്തോടെ 50 പേർക്ക് താമസിക്കാൻ പറ്റുന്ന സംവിധാനവും ഒരുങ്ങുന്നു. കുഞ്ഞുങ്ങളെ ചോറൂണിന് അടക്കം കൊണ്ടുവരുന്ന സ്ത്രീകൾക്ക് ഇവിടെ വിശ്രമിക്കാനുള്ള സൗകര്യം ലഭ്യമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..