15 September Sunday

പാപ്പനംകോട്‌ തീപിടിത്തം ; സ്‌ഫോടനം, ആളിപ്പടർന്ന്‌ തീ, ദുരൂഹത തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


പാപ്പനംകോട്‌
ആദ്യം സ്‌ഫോടനം. പിന്നാലെ ഗ്ലാസുകൾ പൊട്ടിച്ചിതറി ആളിപ്പടരുന്ന തീ. വാഹനം ഇടിച്ചതാകാമെന്നാണ്‌ ശബ്ദംകേട്ട്‌ പരിസരവാസികളും കടക്കാരും ആദ്യം കരുതിയത്‌.  തുടർന്നാണ്‌ താഴെയും മുകളിലുമായി രണ്ടു മുറികൾ വീതമുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിൽ തീപടരുന്നത്‌ കണ്ടത്‌. കെഎസ്‌ഇബിയിലെ  താൽക്കാലിക ജീവനക്കാരൻ വിഷ്‌ണുവിന്‌ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതിന്റെ ഞെട്ടൽ മാറിയിട്ടില്ല. ടയർ പഞ്ചർ ഒട്ടിക്കാൻ സമീപത്തെ കടയിൽ എത്തിയതായിരുന്നു വിഷ്‌ണു.  ഓടിക്കൂടിയവർ പുറകിലെ വീട്ടിൽനിന്ന്‌ വെള്ളമെടുത്ത്‌ തീകെടുത്താൻ ആരംഭിച്ചു. മിക്കവരും കരുതിയത്‌ ഏജൻസി ഓഫീസ്‌ ജീവനക്കാരി വൈഷ്‌ണ പുറത്ത്‌ കടന്നെന്നായിരുന്നു. തീയണയ്‌ക്കുന്നതിനിടെ മുകളിൽ എത്തിയപ്പോഴേക്കും രണ്ടു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അപ്പോഴേക്കും അഗ്നിരക്ഷാസേനയും എത്തി. തുടർന്ന്‌ മൃതദേഹങ്ങൾ സ്വകാര്യ ആംബുലൻസിൽ കയറ്റി മെഡിക്കൽകോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

ദുരൂഹത തുടരുന്നു
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പാപ്പനംകോട് ഏജൻസിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചതിൽ ദുരൂഹത. ജീവനക്കാരി വൈഷ്‌ണയും ഒരു പുരുഷനുമാണ്  മരിച്ചത്. വൈഷ്‌ണയുടെ ഭർത്താവ്‌ ബിനുവിന്റേതാണ്‌ മറ്റേ മൃതദേഹമെന്നാണ്‌  പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. രണ്ട്‌ മൃതദേഹങ്ങളും പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

വൈഷണയ്‌ക്ക്‌ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും നേരത്തെ ബിനു ഓഫീസിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായും പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ‘നിന്നെ ഇന്ന്‌ ശരിയാക്കും’ എന്ന കുറിപ്പ്‌ ബിനുവിന്റെ വീട്ടിൽനിന്ന്‌ കണ്ടെത്തി. വൈഷ്‌ണയെ 2025 കാണിക്കില്ലെന്ന്‌ ബിനു പലരോടും പറഞ്ഞിരുന്നെന്ന്‌ വിവരമുണ്ട്‌.   സംഭവശേഷം ബിനുവിന്റെ ഫോൺ സ്വിച്ച്‌ ഓഫുമാണ്‌. ഇതോടെയാണ്‌ മരിച്ചത്‌ ബിനുവാണെന്നും കൊലപാതകമാണെന്നുമുള്ള സംശയം ഉടലെടുത്തത്‌. ബിനുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

സ്ഥാപനത്തിന് സമീപത്തുള്ള സിസിടിവികളും മറ്റും കേന്ദ്രീകരിച്ച്‌ പൊലീസ്‌ അന്വേഷണം തുടരുകയാണ്‌. ഓഫീസിലേക്ക്‌ എത്തിയത്‌ ആരെന്ന്‌ കണ്ടെത്തിയാൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകും. തിരുവനന്തപുരം സബ്‌കലക്ടറും അന്വേഷണം നടത്തുന്നുണ്ട്‌. ബുധൻ ഉച്ചയോടെ സബ്‌കലക്ടർ പ്രാഥമിക റിപ്പോർട്ട്‌ നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top