27 December Friday

സഞ്ചാരികളുടെ ഹോട്സ്പോട്ടായി പറമ്പിക്കുളം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

പാലക്കാട് > മലയാളിയുടെ പ്രിയപ്പെട്ട വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. കേരളത്തിൽ വന്യജീവികളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വനമേഖല എന്നതാണ് പറമ്പിക്കുളത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്‌. ഈ ഓണം അവധിക്കാലത്ത് മുവായിരത്തിലധികം വിനോദസഞ്ചാരികളാണ്‌ പറമ്പിക്കുളത്തെത്തിയത്‌.

പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെ പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി വ്യാപിച്ചു കിടക്കുന്നതാണ് ഈ വന്യജീവി സംരക്ഷണകേന്ദ്രം. തമിഴ്നാട്ടിലെ സേത്തുമടയിലൂടെയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആനമല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. തൂണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.

ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, കരിങ്കുരങ്ങ്, പുള്ളിമാൻ, മ്ലാവ്, കാട്ടുപന്നി, കേഴമാൻ, വരയാട്, മലയണ്ണാൻ, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്. കാടിന്റെ വശ്യത എടുത്തു പറയേണ്ടതാണ്. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. കൂടാരത്തിൽ താമസിച്ച്‌ വനഭംഗി ആസ്വദിക്കുകയും ചെയ്യാം. ട്രക്കിങ്ങും ചങ്ങാടത്തിൽ യാത്രയുമെല്ലാം സഞ്ചാരികൾക്കായി ഒരുക്കിയിരുന്നു. ഒത്താൽ ആ യാത്രക്കിടെ ചില വന്യമൃ​ഗങ്ങളെയും കണ്ട് മടങ്ങാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top