കൊച്ചി > നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി വിവരം. പറവ ഫിലിംസിൽ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. പരിശോധന അവസാനിച്ചിട്ടില്ലെന്നും സൗബിൻ ഷാഹിറിൽ നിന്ന് വിശദീകരണം തേടുമെന്നുമാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. പറവ ഫിലിംസിന്റെ എളംകുളത്തെ ഓഫീസ്, പുല്ലേപ്പടി ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരിശോധന നടന്നത്. രാത്രി വൈകിയുെ പരിശോധന തുടർന്നിരുന്നു. രണ്ടു കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചായിരുന്നു അന്വേഷണം.
പറവ ഫിലിംസ് നിർമിച്ച മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സൗബിനെ ചോദ്യം ചെയ്തിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു ആലപ്പുഴ അരൂർ സ്വദേശിയുടെ പരാതി.
140 കോടിയോളം രൂപയാണ് മഞ്ഞുമ്മൽ ബോയ്സിൽ നിന്നുള്ള വരുമാനം. എന്നാൽ നികുതിയിനത്തിൽ അടയ്ക്കേണ്ട 40 കോടിയോളം രൂപ അടച്ചില്ലെന്നാണ് കണ്ടെത്തൽ. കൂടാതെ ആദായനികുതി റിട്ടേൺ കാണിക്കുന്നതിൽ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നും സ്ഥാപനങ്ങളിൽ പരിശോധന തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..