23 December Monday

പാർക്കിങ്ങിൽ ഇളവ്‌; ഉത്തരവിറങ്ങി

സ്വന്തം ലേഖകൻUpdated: Tuesday Sep 10, 2024

തിരുവനന്തപുരം> കെട്ടിടം നിർമിക്കുന്ന സ്ഥലത്തുതന്നെ പാർക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന നിബന്ധനയിൽ ഇളവ്‌ നൽകി ഉത്തരവിറങ്ങി. തദ്ദേശവകുപ്പ്‌ പ്രിൻസിപ്പൽ ഡയറക്‌ടറാണ്‌ ഉത്തരവിറക്കിയത്‌. കെട്ടിടങ്ങളിലെ പാർക്കിങ്‌ വ്യവസ്ഥയിൽ നിബന്ധനകളോടെ ഇളവ്‌ നൽകുമെന്ന്‌ തദ്ദേശ മന്ത്രി എം ബി രാജേഷ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  സ്വന്തം കെട്ടിടത്തോട്‌ ചേർന്ന്‌ മതിയായ സ്ഥലമില്ലെങ്കിൽ 200 മീറ്റർ ചുറ്റളവിൽ ഉടമസ്ഥന്റെ പേരിലുള്ള മറ്റൊരു വസ്‌തുവിൽ പാർക്കിങ്‌ സൗകര്യം നൽകിയാൽ മതിയാകും. അതേസമയം, കെട്ടിട നിർമ്മാണ ചട്ടം പ്രകാരം നൽകേണ്ട മൊത്തം പാർക്കിങ്‌ സൗകര്യത്തിന്റെ 25 ശതമാനം കെട്ടിടത്തിനൊപ്പം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

കെട്ടിടത്തിലോ പാർക്കിങ്‌ സൗകര്യം ഏർപ്പെടുത്തുന്ന തൊട്ടടുത്ത സ്ഥലത്തോ പാർക്കിങ്‌ ഫീസ് ഈടാക്കാൻ പാടില്ല. കെട്ടിട നിർമ്മാണത്തിന് പരിഗണിക്കാവുന്നതരം ഭൂമിയായിരിക്കണം പാർക്കിങ്‌ സ്ഥലം.

ഭിന്നശേഷിക്കാർ, സന്ദർശകർ എന്നിവർക്കുള്ള സൗകര്യം കെട്ടിടത്തിൽതന്നെ ഉറപ്പാക്കണം. പാർക്കിങ്ങിനായല്ലാതെ മറ്റൊന്നിനും ഇത്തരത്തിൽ കണ്ടെത്തുന്ന സ്ഥലം ഉപയോഗപ്പെടുത്തില്ല എന്ന്‌  ഉടമ സത്യവാങ്മൂലം നൽകണം.

കെട്ടിടത്തിന്റെ പ്രവർത്തന ലൈസൻസ് പുതുക്കുമ്പോൾ അനുബന്ധമായി അനുമതി നൽകിയിട്ടുള്ള പാർക്കിങ്‌ സ്ഥലം അതേ പ്രകാരംതന്നെ നിലനിർത്തിയിട്ടുണ്ടെന്ന് തദ്ദേശ വകുപ്പ്‌ സെക്രട്ടറി ഉറപ്പ് വരുത്തണമെന്നും ഉത്തരവിലുണ്ട്‌.

ഫ്ലാറ്റ്‌, അപ്പാർട്ട്‌മെന്റ്‌ എന്നിവയിൽ താമസക്കാർക്കുള്ള മുഴുവൻ പാർക്കിങ്ങും കെട്ടിടം നിർമിക്കുന്ന സ്ഥലത്ത്‌ തന്നെ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top