ന്യൂഡല്‍ഹി> പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെ വഖഫ് ഭേദഗതി ബില്‍ സമ്മേളനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രനീക്കം. ബിസിനസില്‍ വഖഫ് ബില്ലും ഉള്‍പ്പെടുത്തി പഠിക്കാന്‍ സമയംവേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം തള്ളി. പ്രധാനപ്പെട്ടതും സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതുമായ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എത്തുമെന്നിരിക്കെ സമ്മേളനം പ്രക്ഷുബ്‌ധമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ദുരന്തനിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കേന്ദ്രം കൊണ്ടുവന്നേക്കും. പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് വഖഫ് ബില്‍ സമ്മേളത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിലവില്‍ പാര്‍ലമെന്റ് അനക്‌സില്‍ സര്‍വ്വകക്ഷി യോഗം തുടരുകയാണ്. പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു വിളിച്ച സര്‍വകക്ഷി യോഗമാണ് പാര്‍ലമന്റില്‍ തുടരുന്നത്. ശക്തമായ പ്രതിഷേധം യോഗത്തില്‍ ഉയര്‍ത്തുമെന്ന് പ്രതിപക്ഷ എംപിമാരും വ്യക്തമാക്കിയിട്ടുണ്ട്.
വഖഫ് ബില്‍ തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതല്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബില്ലാണെന്നും പ്രതിപക്ഷം യോഗത്തില്‍ പറയും. വഖഫ് സ്വത്തുവകകളുടെ ക്രയവിക്രയം, വഖഫ് കൗണ്‍സിലിന്റെയും ബോര്‍ഡിന്റെയും അധികാരം, ചുമതല എന്നിവയെല്ലാം മാറ്റി എഴുതുന്ന ബില്ലാണ് കൊണ്ടുവരുന്നത്. അതിനാല്‍ വിശദ ചര്‍ച്ച വേണം. എല്ലാ വിഭാഗങ്ങളുമായും സംസാരിക്കണം എന്നീ ആവശ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും.
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ട ഫണ്ട് അനുവദിക്കുന്നില്ലെന്ന പ്രധാന വിഷയവും സര്‍വകക്ഷി യോഗത്തില്‍ കേരളത്തിലെ ഇടത് എംപി മാര്‍ ഉന്നയിക്കും. അദാനി അഴിമതി വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ജെപിസിക്ക് വിടണം, 18മാസമായി സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തിലും പ്രധാനമന്ത്രി മണിപ്പുര്‍ സന്ദര്‍ശിക്കാത്ത സാഹചര്യത്തിലും വിഷയത്തില്‍ പ്രത്യേകം ചര്‍ച്ച വേണം, രാജ്യ തലസ്ഥാനമടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അന്തരീക്ഷ മലിനീകരണം, ജമ്മു കാശ്മീരിലെ ഭീകരാക്രമണം , തുടരുന്ന തീവണ്ടി അപകടങ്ങള്‍ എന്നിവയിലെല്ലാം വിശദമായ ചര്‍ച്ചയക്ക് കേന്ദ്രം തയ്യാറാകണമെന്നും പ്രതിപക്ഷം യോഗത്തില്‍ ആവശ്യപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..