22 December Sunday

എംടി ഒരുക്കിയ ലോകത്തിന്‌ പകരം മറ്റൊന്നില്ല: പാർവതി തിരുവോത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


കൊച്ചി
എം ടി വാസുദേവൻനായർ ഒരുക്കിയ സാഹിത്യലോകത്തിന്‌ പകരംവയ്‌ക്കാൻ മറ്റാർക്കും സാധിക്കില്ലെന്ന്‌ നടി പാർവതി തിരുവോത്ത്‌. എം ടിയുടെ ഒമ്പത്‌ കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായ ‘മനോരഥങ്ങ’ളുടെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാർവതി.

അദ്ദേഹം ഒരുക്കിയ ലോകത്തിലൂടെ നടക്കുകയെന്നതുതന്നെ അനുഗ്രഹമാണ്. എം ടിയുടെ മകൾ അശ്വതി വിളിച്ച് സിനിമയെക്കുറിച്ച്‌ സംസാരിച്ചപ്പോൾത്തന്നെ അഭിനയിക്കാൻ സമ്മതം അറിയിക്കുകയായിരുന്നു. മനോരഥങ്ങളിൽ താൻ മുഖ്യവേഷത്തിലെത്തുന്ന ‘കാഴ്ച’യുടെ ചിത്രീകരണം നടന്ന ഒമ്പതു ദിവസം ഫോൺപോലും ഉപയോഗിക്കാതെ എല്ലാവരും കഥയുടെ ലോകത്തുതന്നെയായിരുന്നു. വല്ലാത്തൊരു അനുഭവമാണ്‌ സിനിമ സമ്മാനിച്ചതെന്നും പാർവതി പറഞ്ഞു. 

സംവിധാനവേളയിൽ അച്ഛനുമായി ചർച്ച ചെയ്യേണ്ട സന്ദർഭം ഉണ്ടായിട്ടില്ലെന്നും പ്രിവ്യൂ കണ്ടശേഷം അദ്ദേഹം പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെന്നും എം ടിയുടെ മകളും സംവിധായികയുമായ അശ്വതി വി നായർ പറഞ്ഞു. വിൽപ്പന എന്ന ചിത്രമാണ് അശ്വതി സംവിധാനം ചെയ്തത്.

അഭിനേതാക്കളായ ദുർഗ കൃഷ്ണ, ഹരീഷ് പേരടി, സുരഭി ലക്ഷ്മി, വിനോദ് കോവൂർ, ജയരാജ്‌, നിർമാതാവ് സുധീർ അമ്പലപ്പാട് എന്നിവർ സംസാരിച്ചു. എംടിയുടെ തൂലികയിൽ വിരിഞ്ഞ ഒമ്പത്‌ ചെറുസിനിമകൾ കോർത്തിണക്കിയ ‘മനോരഥങ്ങൾ’ സീ ഫൈവിൽ 15നാണ് റിലീസാകുന്നത്‌. ചിത്രത്തിന്റെ രണ്ടാം ട്രെയിലറിന്റെയും മ്യൂസിക് ലോഞ്ചിന്റെയും ഉദ്‌ഘാടനം നടൻ മോഹൻലാൽ 15ന് രാത്രി ഏഴിന്‌ നിർവഹിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top