പത്തനംതിട്ട > പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റേഷൻ 16ന് പൂർണമായും പുതിയ സമുച്ചയത്തിൽ പ്രവർത്തനമാരംഭിക്കും. മഴ ശക്തമാകുന്നതിന് മുമ്പുതന്നെ യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് സ്റ്റേഷൻ പൂർണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇവിടെ പരിമിതമായ സൗകര്യം യാത്രക്കാർക്കും ജീവനക്കാർക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
സമുച്ചയത്തിലെ വഴികളിൽ ടൈൽ ഇടുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായി. മിനുക്കുപണി മാത്രമാണ് ബാക്കി. ഒരാഴ്ചയ്ക്കുള്ളിൽ അവയും തീർക്കും. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലാകും പുതിയ സംവിധാനം. ഗതാഗതമന്ത്രിയുമായി സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സ്റ്റേഷന് മുന്നിൽ യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാൻ മേൽക്കൂര സംവിധാനം താമസിയാതെ തയ്യാറാകും. എംഎൽഎ ഫണ്ടിൽ നിന്ന് ഇതിന് മൂന്നുകോടി വീണാ ജോർജ് അനുവദിച്ചിട്ടുണ്ട്.
16ന് പത്തനംതിട്ട സ്റ്റേഷനിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും ഗതാഗതമന്ത്രി ആന്റണി രാജുവും പങ്കെടുക്കും. പത്തനംതിട്ട നഗരവാസികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ആധുനിക രീതിയിലുള്ള ബസ് സ്റ്റേഷൻ. നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം എസ്റ്റിമേറ്റ് തുകയേക്കാൾ കൂടിയതിനാൽ പല ഘട്ടത്തിലും നിർമാണം നീണ്ടുപോകാൻ ഇടയാക്കി.
ശബരിമല തീർഥാടകരുടെയടക്കം പ്രധാന യാത്രാ കേന്ദ്രമായ പത്തനംതിട്ട സ്റ്റേഷൻ വിശ്രമമുറിയടക്കമുള്ള സൗകര്യത്തോടെയാകും പൂർണതോതിൽ പ്രവർത്തനക്ഷമാകുക. തീർഥാടകർക്കും മറ്റ് യാത്രക്കാർക്കും ഒരു രാത്രി സ്റ്റേഷനിൽ തന്നെ തങ്ങാൻ എസി ഡോർമിറ്ററി സൗകര്യവും ഒരുക്കുന്നു. രണ്ടുമാസത്തിനകം ഇത് സജ്ജമാക്കും. നൂറു മുതൽ 150 രൂപ വരെ ദിവസവാടക ഈടാക്കുന്ന സൗകര്യമാണ് സജ്ജമാക്കുന്നത്.
കെട്ടിടത്തിലെ മുറികളുടെ ലേലം നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പങ്കുകൊള്ളാൻ ആളുകൾ കുറവായതിനാൽ നടന്നില്ല. ലേല നടപടികൾ വീണ്ടും തുടരും. സ്റ്റേഷൻ സമുച്ചയത്തിലേക്ക് പൂർണമായും മാറുന്നതോടെ കൂടുതൽ സർവീസുകൾ അടക്കം ആരംഭിക്കുന്നതിനും സാധിക്കും. കോവിഡ് കാലത്തിനുശേഷം പത്തനംതിട്ട സ്റ്റേഷനിൽ നിന്നും നിരവധി സർവീസുകൾ പുനരാരംഭിച്ചു. ചെയിൻ സർവീസുകളും തുടങ്ങിവരുന്നു. ആദ്യഘട്ടമായി ചെങ്ങന്നൂർ-കോഴഞ്ചേരി ചെയിൻ സർവീസാണ് ആരംഭിച്ചത്. പത്തനാപുരം, മല്ലപ്പള്ളി ഭാഗത്തേക്കും ചെയിൻ സർവീസ് താമസിയാതെ തുടങ്ങും. ജീവനക്കാരുടെ കുറവ് സ്റ്റേഷൻ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനും നടപടിയുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..