27 December Friday

ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയ സംഭവം ; മൂന്ന്‌ ജീവനക്കാർക്ക്‌ സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024


തിരുവനന്തപുരം
തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രി  ഒപി ബ്ലോക്കിലെ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങാനിടയായ സംഭവത്തിൽ മൂന്ന്‌ ജീവനക്കാർക്ക്‌ സസ്പെൻഷൻ. ലിഫ്റ്റ് ഓപ്പറേറ്റർമാരായ മുരുകൻ, ജെ എസ്‌ ആദർശ്‌, ഡ്യൂട്ടി സർജന്റ് രജീഷ്‌ എന്നിവരെയാണ്‌ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തത്‌.  ഉള്ളൂരിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന തിരുമല സ്വദേശി രവീന്ദ്രൻ നായരാണ്‌(69) ശനി ഉച്ചയോടെ ലിഫ്റ്റിനുള്ളിൽ  കുടുങ്ങിയത്.

നടുവേദനയെതുടർന്ന്  ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രവീന്ദ്രൻ നായർ ഡോക്ടറുടെ നിർദേശപ്രകാരം വിവിധ പരിശോധനകൾക്കായി പോയി.  റിപ്പോർട്ടുമായി വീണ്ടും ഡോക്ടറെ കാണാൻ കയറിയപ്പോളാണ് ലിഫ്‌റ്റിൽ കുടുങ്ങിയത്. ഉള്ളിൽ കയറി സ്വിച്ച് അമർത്തിയപ്പോൾ മുകളിലേക്ക്‌ പൊങ്ങിയ ലിഫ്‌റ്റ്‌ അതിവേഗം താഴെയെത്തി. വാതിൽ തുറക്കാനുമായില്ല. മൊബൈൽ ഫോണിൽ ബന്ധുക്കളെ വിളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനിടയിൽ ഫോൺ തറയിൽവീണ് തകരാറിലായി. ഉറക്കെ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തിങ്കൾ രാവിലെ ലിഫ്റ്റ്‌ ഓപ്പറേറ്റർ എത്തിയപ്പോഴാണ് തളർന്ന് അവശനിലയിലായ രവീന്ദ്രൻനായരെ കണ്ടത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ചു. നിലവിൽ പേ വാർഡിൽ ചികിത്സയിലാണ്‌. ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

രവീന്ദ്രൻ നായരെ കാണാനില്ലെന്ന്‌ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസ്‌ അന്വേഷണം ആരംഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മെഡിക്കൽ കോളേജ് കാഷ്‌ കൗണ്ടർ ജീവനക്കാരിയാണ്.

സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് കുറ്റക്കാരായ മൂന്ന്‌ ജീവനക്കാർക്കെതിരെ റിപ്പോർട്ട്‌ നൽകിയത്‌. ഇത്‌ കണക്കിലെടുത്താണ്‌ സസ്പെൻഷൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top