കണ്ണൂർ
‘‘ഫോണിൽ സംസാരിച്ച് പാളത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് വേഗത്തിൽ ട്രെയിൻ വരുന്നതുകണ്ടത്. ഒഴിഞ്ഞുമാറാൻ സമയമില്ല. വേഗം ട്രാക്കിൽ കിടന്നു’’–- ട്രെയിൻ കടന്നുപോയ ട്രാക്കിൽനിന്ന് രക്ഷപ്പെട്ട സംഭവം വിവരിക്കുമ്പോൾ പവിത്രന് മരണം മുന്നിൽ കണ്ടതിന്റെ ഭീതിയും വിറയലും. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിവാൻഡം എക്‌സ്‌പ്രസാണ് തിങ്കൾ വൈകിട്ട് കണ്ണൂർ പന്നേൻപാറയിലെ ട്രാക്കിൽവച്ച് കുന്നാവ് പാറവയലിനുസമീപത്തെ പവിത്രനു മുകളിലൂടെ കടന്നുപോയത്. പന്നേൻപാറയിലെ ശ്രീജിത്ത് പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പവിത്രനും താരമായി.
വൈകുന്നേരങ്ങളിൽ പാളത്തിലൂടെ കണ്ണൂരിലേക്ക് നടന്നുപോകാറുള്ള പവിത്രൻ ശ്രീജിത്തിനും പ്രദേശവാസികൾക്കുമെല്ലാം ചിരപരിചിതനാണ്. കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ ബസിലെ ക്ലീനറായ ഇദ്ദേഹം ജോലികഴിഞ്ഞ് വീട്ടിലെത്തിയശേഷം പതിവുപോലെ കണ്ണൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെ സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടിയുടെ രക്ഷിതാവ് ഫോണിൽ വിളിച്ചു. അദ്ദേഹത്തോട് സംസാരിക്കുന്നതിനിടയിൽ ട്രെയിൻ വരുന്നത് ശ്രദ്ധിച്ചിരുന്നില്ല. ട്രെയിൻ കടന്നുപോയതിനുശേഷം പാളത്തിൽനിന്നെഴുന്നേറ്റ പവിത്രൻ വീട്ടിലേക്കുപോയി.
സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതോടെ ആർപിഎഫും റെയിൽവേ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പവിത്രനെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്‌ച ഇവർ മൊഴി രേഖപ്പെടുത്താൻ വിളിച്ചപ്പോഴും പവിത്രൻ പാളം വഴി നടന്നാണ് കണ്ണൂരിലെത്തിയത്. ട്രെയിൻ കടന്നുപോകുമ്പോൾ അനങ്ങാതെ കിടന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. പാളത്തിലൂടെ അപകടകരമാംവിധത്തിൽ നടന്നതിന് പവിത്രനെതിരെ കേസെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..