തിരുവനന്തപുരം/ കൊച്ചി
ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും വർഗീയ വിഷം തുപ്പിയ മുൻ ചീഫ് വിപ്പ് പി സി ജോർജ് അറസ്‌റ്റിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേട്ട് കോടതി ബുധനാഴ്‌ച ജോർജിന്റെ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ വിഴിഞ്ഞം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചി എ ആർ ക്യാമ്പിലെത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. അനന്തപുരി സമ്മേളനത്തിൽ മുസ്ലിം വിഭാഗക്കാരെ അധിക്ഷേപിച്ച് പ്രസംഗിച്ച ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു. മെയ് എട്ടിന് കൊച്ചി വെണ്ണല മഹാശിവക്ഷേത്രത്തിൽ നടന്ന പൊതുയോഗത്തിലും വിദ്വേഷപ്രസംഗം ആവർത്തിച്ചു. തുടർന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്.
വെണ്ണല കേസിൽ ബുധൻ രാവിലെ 10ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ജോർജിന് നോട്ടീസ് നൽകിയിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയ ജോർജിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. 4.20ന് എആർ ക്യാമ്പിലേക്ക് മാറ്റി.
ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം സ്‌റ്റേഷനുമുന്നിൽ പ്രതിഷേധിച്ച പിഡിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജോർജിന് പിന്തുണയുമായെത്തിയ ബിജെപി പ്രവർത്തകർ പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചതോടെ ചെറിയതോതിൽ സംഘർഷമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..