23 December Monday

സംസ്ഥാനത്ത് 12 മെഡിക്കൽ പിജി 
സീറ്റിന്‌ അനുമതി ; സർക്കാർ മെഡിക്കൽ 
കോളേജിൽ ആദ്യമായി ഡിഎം 
പീഡിയാട്രിക് നെഫ്രോളജി

സ്വന്തം ലേഖകൻUpdated: Wednesday Oct 30, 2024


തിരുവനന്തപുരം
സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിഎം പീഡിയാട്രിക് നെഫ്രോളജി–-രണ്ട്‌, ഡിഎം പൾമണറി മെഡിസിൻ–-രണ്ട്‌, എംഡി അനസ്‌തേഷ്യ–-ആറ്‌, ആലപ്പുഴ മെഡിക്കൽ കോളേജിൽ എംഡി സൈക്യാട്രി–- രണ്ട്‌ സീറ്റുകൾക്കാണ്‌ അനുമതി ലഭിച്ചത്. ഈ വിഭാഗങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതോടെ രോഗീപരിചരണം, അധ്യാപനം, ഗവേഷണം എന്നിവയിൽ കൂടുതൽ വിദഗ്ധ സേവനം ലഭ്യമാക്കാനാകും. ഈ സർക്കാർ വന്നശേഷം 92 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി നേടിയെടുക്കാനായതായി ആരോഗ്യ മന്ത്രി വീണ ജോർജ്‌ പറഞ്ഞു.

രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് പിഡീയാട്രിക് നെ
ഫ്രോളജി വിഭാഗത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സ് ആരംഭിക്കാൻ അനുമതി ലഭിക്കുന്നത്. കുട്ടികളുടെ വൃക്ക രോഗങ്ങൾ, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ എന്നിവയിൽ പരിശീലനം നൽകി വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ സാധിക്കും. രാജ്യത്തുതന്നെ ഈ മേഖലയിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. പീഡിയാട്രിക് നെഫ്രോളജി പ്രത്യേക വിഭാഗമുള്ള സംസ്ഥാനത്തെ ഏക മെഡിക്കൽ കോളേജാണ് തിരുവനന്തപുരം. എസ്എടി ആശുപത്രിയിലാണ് പീഡിയാട്രിക് നെഫ്രോളജി വിഭാഗം പ്രവർത്തിക്കുന്നത്. കുട്ടികളുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ശ്വാസകോശ രോഗങ്ങളുടെ ചികിത്സ സംബന്ധിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സാണ് ഡിഎം പൾമണറി മെഡിസിൻ. നിദ്ര, ശ്വസന രോഗങ്ങളും ക്രിട്ടിക്കൽ കെയറും ഇന്റർവെൻഷണൽ പൾമണോളജിയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഗവേഷണ രംഗത്തും സാധ്യതയേറെയുണ്ട്‌. സംസ്ഥാനത്ത് നിലവിൽ സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ഡിഎം പൾമണറി മെഡിസിൻ സീറ്റ് മാത്രമാണുള്ളത്. അനസ്‌തേഷ്യാ രംഗത്തും സൈക്യാട്രി രംഗത്തും കൂടുതൽ പിജി സീറ്റ്‌ ലഭിച്ചതോടെ ഈ രംഗങ്ങളിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനാകും. മെഡിക്കൽ കോളേജുകളിൽ സർക്കാർ നടത്തി വരുന്ന വികസന പ്രവർത്തനങ്ങളുടെ ഫലം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top