പെരിന്തൽമണ്ണ> പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്‌ത്തി മൂന്ന് കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ കൂടുതല്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വലയിലായതായി സൂചന. വെള്ളിയാഴ്ച തൃശൂരില്‍നിന്ന് അറസ്റ്റ്ചെയ്തവരെയും ശനിയാഴ്ച കണ്ണൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും ചോദ്യംചെയ്തതില്‍നിന്നാണ് മറ്റുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് കൂട്ടുപ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്. തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇനി അഞ്ച് പ്രതികളെ കണ്ടെത്താനുണ്ടെന്നും വിവരമുണ്ട്.
പൊലീസിനെ കബളിപ്പിക്കാനായി മോഷണശേഷം പല സംഘങ്ങളായാണ് പ്രതികള്‍ യാത്രചെയ്തത്. മോഷ്ടിച്ച സ്വര്‍ണം വിറ്റിട്ടില്ല. ഇത് പൊലീസ് ഉടന്‍ കണ്ടെത്തും. കൃത്യമായ ഗൂഢാലോചനയ്ക്കുശേഷമാണ് പ്രതികള്‍ മോഷണം നടത്തിയത്. ജ്വല്ലറി ഉടമ അറിഞ്ഞാണ് മോഷണം നടന്നതെന്ന നിഗമനം പൊലീസ് തള്ളുന്നു. പുറത്തുനിന്നുള്ളവരാണ് ക്വട്ടേഷന്‍ നല്‍കിയെന്ന സൂചന പൊലീസിന് ലഭിച്ചു. ഇവരെ ഉടന്‍ കണ്ടെത്തും. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ മേല്‍നോട്ടത്തില്‍ പെരിന്തൽമണ്ണ ഡിവൈഎസ്‌പി ടി കെ ഷൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പെരിന്തൽമണ്ണ – പട്ടാമ്പി റോഡിൽ അലങ്കാർ തിയറ്ററിനുസമീപം വ്യാഴാഴ്‌ച രാത്രിയാണ് മോഷണം നടന്നത്. ജ്വല്ലറി അടച്ച് സ്വര്‍ണവുമായി വീട്ടിലേക്ക് പോവുകയായിരുന്ന കെഎം ജ്വല്ലറി ഉടമ യൂസഫ്, അനുജൻ ഷാനവാസ് എന്നിവരെയാണ് ആക്രമിച്ചായിരുന്നു കവര്‍ച്ച. 24 മണിക്കൂറിനുള്ളില്‍ മോഷണസംഘത്തിലെ നാലുപേര്‍ തൃശൂരില്‍ അറസ്റ്റിലായി. ഇവരില്‍നിന്നാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..