13 November Wednesday

കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ 576 ജീവനക്കാരെ അധികം നിയമിക്കും

സ്വന്തം ലേഖകൻUpdated: Tuesday Feb 1, 2022

തിരുവനന്തപുരം നഗരസഭയിലെ കോവിഡ് കൺട്രോൾ റൂം മന്ത്രി വി ശിവൻകുട്ടി സന്ദർശിക്കുന്നു. മേയർ ആര്യ രാജേന്ദ്രൻ സമീപം

 തിരുവനന്തപുരം> കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഡോക്ടർമാരുൾപ്പെടെ 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി നൽകി കലക്‌ടറുടെ ചുമതലയുള്ള എഡിഎം ഇ മുഹമ്മദ് സഫീർ ഉത്തരവിറക്കി. ജില്ലാ മെഡിക്കൽ ഓഫീസറെയും സർക്കാർ മെഡിക്കൽ കോളേജ്, എസ്എടി ആശുപത്രി സൂപ്രണ്ടുമാരെയും ചുമതലപ്പെടുത്തി. 

സർക്കാർ മെഡിക്കൽ കോളേജിലും എ സ്എടി ആശുപത്രിയിലും ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല അതത് സൂപ്രണ്ടുമാർക്കാണ്. ആരോഗ്യവകുപ്പിനു കീഴിലുള്ള ആശുപത്രികൾ, ഫീൽഡ് ലെവൽ ആശുപത്രികൾ, ലാബുകൾ (സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, ആർജിബിസി, ഐഐഎസ്ഇആർ, എസ്‌സിടി) എന്നിവിടങ്ങളിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ലാബ് അസിസ്റ്റന്റുമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 
 
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ജീവനക്കാരെ നിയമിക്കാനുള്ള നടപടിഅടിയന്തരമായി പൂർത്തിയാക്കണം. 
കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക്‌ പുനർവിന്യസിക്കപ്പെട്ട കുടുംബാരോഗ്യകേന്ദ്രങ്ങളിലേയും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലേയും ജീവനക്കാർ തിരികെ അതത് സ്ഥാപനങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനും ആരോഗ്യകേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ശേഷമുള്ള ഒപി സംവിധാനം പുനരാരംഭിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് എഡിഎം നിർദേശം നൽകി.
 
ന​ഗരസഭയുടേത് മാതൃകാപരമായ പ്രവർത്തനം: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം>കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ സേവനങ്ങളാണ് തിരുവനന്തപുരം ന​ഗരസഭ കാഴ്ചവയ്‌ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നഗരസഭ കൺട്രോൾ റൂം പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. കോവിഡ് മൂന്നാംതരംഗ വ്യാപനത്തി​ന്റെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്. കൺട്രോൾ റൂമിലെ ഡോക്ടർമാരുമായും വളന്റിയർമാരുമായും മന്ത്രി സംവദിച്ചു. മേയർ ആര്യ രാജേന്ദ്രനും ഒപ്പമുണ്ടായി. 
 
കൺട്രോൾ റൂം പ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസ് സേവനം വ്യാപകമാക്കി. തിങ്കളാഴ്ച 26 രോഗികളെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് ഉപയോഗിച്ചു. 19 മുതൽ തിങ്കൾവരെ 614 രോഗികളെ ആശുപത്രിയിലാക്കി. 
കഴിഞ്ഞ ദിവസം കൺട്രോൾ റൂമിൽ കോവിഡുമായി ബന്ധപ്പെട്ട് 30 വിളികളെത്തി. അഞ്ച്‌ രോഗികളെ കൺട്രോൾ റൂമിലെ  മെഡിക്കൽ സംഘം പരിശോധിച്ചു. 15 പേർക്ക് ടെലി കൺസൾട്ടേഷനും നൽകി. 
കൺട്രോൾ റൂം നം. 0471–-23777 02, 0471–-2377706, 94964 34440. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top